KeralaLatest NewsNews

മാർക്ക് ദാന വിവാദം: വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ കുടുങ്ങുമോ? ഗവർണർ നടത്തുന്ന ഹിയറിംഗ് ഇന്ന്

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഹിയറിംഗ് ഇന്ന്. വിസി അടക്കമുള്ളവരെ വിളിച്ചുവരുത്തിയാണ് ഗവർണർ ഇന്ന് തെളിവെടുപ്പ് നടത്തുന്നത്. സാങ്കേതിക സർവകലാശാല വി. സി. ഡോക്ടർ എം. എസ്. രാജശ്രീക്ക് പുറമേ, പരാതിക്കാരനായ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ. എസ്. ശശികുമാർ, മൂന്നാം മൂല്യനിർണയത്തിലൂടെ ബിടെക് പരീക്ഷ വിജയിച്ച വിദ്യാർത്ഥി എന്നിവരെയാണ് ഗവർണർ രാജ്ഭവനിൽ ഹിയറിങിനായി വിളിച്ചിട്ടുള്ളത്.

ബിടെക് വിദ്യാർത്ഥിയെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ഇടപെട്ട് ജയിപ്പിച്ചുവെന്ന ആരോപണത്തിലാണ് ചാൻസിലർ കൂടിയായ ഗവർണറുടെ ഇടപെടൽ. സാങ്കേതിക സർവകലാശാല നടത്തിയ ബിടെക് പരീക്ഷയിൽ തോറ്റ വിദ്യാർത്ഥിയെ വിദ്യാഭ്യാസ മന്ത്രി കെടി ജലീലിന്റെ നിർദേശപ്രകാരം മൂന്നാം തവണ മൂല്യനിർണയം നടത്തി വിജയിപ്പിച്ചതായാണ് പരാതി.

നടപടി റദ്ദാക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സർവകലാശാലകളിൽ മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിമാരും പങ്കെടുത്ത് നടത്തുന്ന അദാലത്തുകൾ ചട്ടവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുളള പരാതിയിലാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്ന് ഹിയറിംഗ് നടത്തുക.

സർക്കാരിന് ഇക്കാര്യത്തിൽ ഇടപെടാനോ ചോദ്യം ചെയ്യാനോ അധികാരമില്ല. ഫെബ്രുവരി 15നാകും എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിലെ ഹിയറിംഗ് നടക്കുക. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ വിവാദം പ്രതിപക്ഷം ആയുധമാക്കിയിരുന്നു. ഗവർണറുടെ ഹിയറിംഗ് നടക്കുന്നതും സഭാ സമ്മേളന വേളയിലാണെന്നതും ശ്രദ്ധേയം. മന്ത്രി കെ ടി ജലീലിനെ ഗവർണർ ഇന്ന് വിളിപ്പിച്ചിട്ടില്ല. വിഷയത്തിൽ ചാൻസിലർ എന്ന നിലയിൽ സ്വതന്ത്രമായി തീരുമാനമെടുക്കാനുളള പൂർണ അധികാരം ഗവർണർക്കുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button