തിരുവനന്തപുരം: സംസ്ഥാനത്തെ വനിതാ പൊലീസുകാര്‍ക്ക് അമിത ജോലിഭാരമെന്ന് പരാതി. തങ്ങള്‍ക്ക് ലീവ് അനുവദിച്ചു തരുന്നില്ലെന്നും, ലീവ് വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ജോലി രാജി വെച്ചു പോകാമെന്ന് മേലുദ്യോഗസ്ഥന്‍ നിര്‍ദേശിച്ചതായും ആരോപിയ്ക്കുന്നു.
വനിതാ ബറ്റാലിയനില്‍ ജോലി ചെയ്യുന്ന പൊലീസുകാരാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്. നേരാംവണ്ണം ലീവ് പോലും ലഭിക്കുന്നില്ല. 22 ദിവസത്തെ ശബരിമല ഡ്യൂട്ടി കഴിഞ്ഞു തിരിച്ചെത്തിയ ബറ്റാലിയനിലെ അംഗങ്ങള്‍ക്ക് 4 ദിവസത്തെ അവധി അനുവദിച്ചിരുന്നു. എന്നാല്‍, ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഡ്യൂട്ടിയില്‍ തിരിച്ചു കയറാനുള്ള നിര്‍ദ്ദേശം നല്‍കുകയായിരുന്നു.അതിനു ശേഷം റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പരിശീലനമായിരുന്നു ഇവരെ കാത്തിരുന്നത്. അഞ്ച് ദിവസത്തെ പരിശീലനത്തിനുശേഷം വിശ്രമം അനുവദിക്കുമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് ഇവരെ മറ്റു ജില്ലകളിലേക്ക് ഡ്യൂട്ടിക്കായി പറഞ്ഞയച്ചു.
Read Also : ശബരിമല; ഡ്യൂട്ടി ദിനങ്ങള്‍ കൂട്ടിയതില്‍ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം
ഗര്‍ഭകാലത്തെ വിശ്രമം പോലും നിഷേധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് ഇവരുടെ പരാതി. ശബരിമല ഡ്യൂട്ടിയ്ക്കിടെ ഗര്‍ഭിണിയായ ഒരു പൊലീസുകാരിക്ക് ദേഹതളര്‍ച്ചയുണ്ടാവുകയും തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ ഗര്‍ഭം അലസിപ്പോയ സംഭവവും ഉണ്ടായി. നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് ആഴ്ചയില്‍ ഒരു ദിവസം ഓഫ് അനുവദിച്ചുവെങ്കിലും അത് എപ്പോഴും നല്‍കാറില്ല. വീട്ടില്‍ നിന്ന് ആരെങ്കിലും ക്യാമ്പില്‍ എത്തിയാലും കാണാന്‍ അനുവദിക്കാറില്ല.
ഗര്‍ഭാവസ്ഥയിലെ ആദ്യ മാസങ്ങളില്‍ വിവിധ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. അപ്പോള്‍ ലൈറ്റ് ഡ്യൂട്ടി മാത്രം ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം ഭേദഗതി നാല് മാസമായാല്‍ മാത്രമേ അതിന് അര്‍ഹതയുള്ളൂവെന്ന് ഉത്തരവിറക്കിയെന്നും പരാതിയുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ പറയുന്നവരോട് ജോലിയില്‍ നിന്നും രാജിവച്ച് പോകാനാണ് മേലുദ്യോഗസ്ഥര്‍ പറയുന്നത്രേ.
കേരളത്തില്‍ ആദ്യമായി വനിത ഇന്‍സ്ട്രക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ളവരാണ് ബറ്റാലിയനിലുള്ളത്. 2017 ലാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം ഒരു വനിതാ പൊലീസ് ബറ്റാലിയന്‍ തിരുവനന്തപുരം ആസ്ഥാനമാക്കി തുടങ്ങിയത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് 10 ഏക്കര്‍ സ്ഥലവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. പൊലീസ് സേനയില്‍ വനിതകളുടെ പ്രാതിനിധ്യം 25 ശതമാനമാക്കി ഉയര്‍ത്തുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ബറ്റാലിയന്‍ രൂപീകരിച്ചത്.
Post Your Comments