ആലപ്പുഴ: എസ്‌എന്‍ഡിപി യോഗം മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട അനുകൂല വിധിക്ക് പിന്നാലെ, യൂണിയന്‍ ഓഫീസിലെത്തിയ സുഭാഷ് വാസുവിനെ പൊലീസ് തടഞ്ഞു. സുഭാഷ് വാസുവിന്റെ പക്കല്‍ അനുകൂല വിധിയുടെ പകര്‍പ്പുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു പൊലീസ് ഇദ്ദേഹത്തെയും അനുകൂലികളെയും തടഞ്ഞത്.എന്നാല്‍ പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച സുഭാഷ് വാസു ബലം പ്രയോഗിച്ച് അകത്തുകടക്കാന്‍ ശ്രമിച്ചു.
പൊലീസ് ഇത് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. പിന്നീട് സുഭാഷ് വാസു അനുകൂലികള്‍ യൂണിയന്‍ ഓഫീസിന്റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടക്കുകയായിരുന്നു.മാവേലിക്കര യൂണിയന്‍ പിരിച്ച് വിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്‍ കീഴിലാക്കിയ വെള്ളാപ്പള്ളി നടേശന്റെ തീരുമാനത്തിനാണ് കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടത്. ഭരണസമിതി പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് സുഭാഷ് വാസു നല്‍കിയ ഹര്‍ജി കൊല്ലം സബ് കോടതി അംഗീകരിച്ചു.
കഴിഞ്ഞ ഡിസംബര്‍ 26നാണ് സുഭാഷ് വാസുവിനെ നേതൃത്വത്തിലുള്ള ഭരണ സമിതിയെ പുറത്താക്കി യൂണിയന്‍ ഭരണം അഡ്മിനിസ്ട്രേറ്റര്‍ക്ക് വെള്ളാപ്പള്ളി നടേശന്‍ കൈമാറിയത്. 28 ന് അഡ്മിനിസ്ട്രേറ്റര്‍ ചുമതല ഏറ്റെടുക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് അനുസരിച്ച് സുഭാഷ് വാസുവിന്‍റെ നേതൃത്വത്തില്‍ ഉള്ള ഭരണസമിതിക്ക് തുടരാം. സുഭാഷ് വാസുവിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി ഇനിയും ഒന്നര വര്‍ഷം ഉള്ളതിനാല്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണം നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ് .
Post Your Comments