മഞ്ചേരി: നിലമ്പൂരില്‍ വഴക്കിനിടയില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ തമിഴ് യുവാവ് കുറ്റക്കാരനെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. 2013 ഓഗസ്റ്റ് 31നാണ് ലക്ഷ്മിയെ പ്രതി കൊലപ്പെടുത്തിയത്. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണന്‍ വെള്ളിയാഴ്ച പ്രസ്താവിക്കും. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ബാല്‍ദാസ് ആണ് കുറ്റക്കാരന്‍.
2013 ഓഗസ്റ്റ് 31ന് ഭാര്യ ലക്ഷ്മിയോടൊത്ത് കുളിക്കാനായി വടപുറം കുതിര പുഴയിലേക്ക് പോകുകയായിരുന്നു പ്രതി. നിലമ്പൂര്‍ അരുവാക്കോട് വുഡ് കോംപ്ലക്‌സിന് സമീപമുള്ള തേക്കിന്‍തോട്ടത്തില്‍ എത്തിയപ്പോള്‍ ഇരുവരും വഴക്കിലേര്‍പ്പെട്ടു. ലക്ഷ്മിയുടെ ആഭരണങ്ങള്‍ ബാല്‍ദാസ് ആവശ്യപ്പെട്ടതാണ് വഴക്കിന് കാരണം. ഇതിനെ തുടര്‍ന്ന് ലക്ഷ്മി ചെരിപ്പ് ഊരി ഭര്‍ത്താവിനെ അടിച്ചു. ഇതില്‍ പ്രകോപിതനായ ബാല്‍ദാസ് ചെരിപ്പ് പിടിച്ചു വാങ്ങി ലക്ഷ്മിയുടെ കഴുത്തില്‍ കൈ മുറുക്കി കൊലപ്പെടുത്തുകയും ആഭരണങ്ങള്‍ കവരുകയുമായിരുന്നു. നിലമ്പൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.
Post Your Comments