ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് പടരുമ്പോൾ ആവശ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുമായി മുരളി തുമ്മാരുക്കുടി. നിപ്പ പോലെ അപകടകാരിയായ ഒരു വൈറസ് സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്ത പരിചയവുമായിട്ടാണ് നമ്മുടെ ആരോഗ്യ സംവിധാനം കൊറോണയെ നേരിടുന്നത്.
പ്രളയകാലത്തും നിപ്പയുടെ കാലത്തും എല്ലാം ഉചിതമായി കാര്യങ്ങൾ ചെയ്യുകയും ചെയ്ത കാര്യങ്ങൾ നാട്ടുകാരെ അപ്പോൾത്തന്നെ അറിയിക്കുകയും ചെയ്ത മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് നമുക്കുള്ളത്. അതുകൊണ്ട് തന്നെ ഈ വിഷയം വേണ്ടവിധത്തില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Read also: കൊറോണ വൈറസ് ബാധ ലോകം ഭീതിയില്‍ : ടെക്ക് ലോകത്ത് മാന്ദ്യം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
കൊറോണ വൈറസ് കേരളത്തിലെത്തുന്പോൾ…
കേരളത്തിലെ ആദ്യത്തെ കൊറോണ കേസ് ഇന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു. ലോകത്തിൽ എല്ലായിടത്തും മലയാളികൾ ഉള്ള സ്ഥിതിക്കും ധാരാളം പേർ യാത്ര ചെയ്യുന്നതിനാലും കൊറോണ വൈറസ് കേരളത്തിൽ എത്തിയതിൽ അതിശയമില്ല. തീർച്ചയായും ഇനിയും കേസുകൾ ഉണ്ടായേക്കാം.
നിപ്പ പോലെ അപകടകാരിയായ ഒരു വൈറസ് സാഹചര്യത്തെ നന്നായി കൈകാര്യം ചെയ്ത പരിചയവുമായിട്ടാണ് നമ്മുടെ ആരോഗ്യ സംവിധാനം കൊറോണയെ നേരിടുന്നത്.
പ്രളയകാലത്തും നിപ്പയുടെ കാലത്തും എല്ലാം ഉചിതമായി കാര്യങ്ങൾ ചെയ്യുകയും ചെയ്ത കാര്യങ്ങൾ നാട്ടുകാരെ അപ്പോൾത്തന്നെ അറിയിക്കുയും ചെയ്ത മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമാണ് നമുക്കുള്ളത്. അതുകൊണ്ട് തന്നെ ഈ വിഷയം വേണ്ടവിധത്തിൽ കൈകാര്യം ചെയ്യും എന്നതിൽ എനിക്ക് ഒരു സംശയവുമില്ല.
എന്താണ് കൊറോണ വൈറസ്, എങ്ങനെയാണ് അതിനെ നേരിടേണ്ടത് എന്നതെല്ലാം നിങ്ങൾ ഇപ്പോൾ തന്നെ പലതവണ വായിച്ചു കാണും. കേരളത്തിലെ ആരോഗ്യമന്ത്രാലയത്തിൻറെ വെബ്‌സൈറ്റിലും ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിലും ആവശ്യത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ഉണ്ട്. അതുകൊണ്ട് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല. വ്യക്തിപരമായി ഞാൻ ചെയ്യുന്ന/ചെയ്യാൻ പോകുന്ന കാര്യങ്ങൾ മാത്രം പറയാം. ലോകത്തെവിടെയും ഉള്ള മലയാളികൾ, പ്രത്യേകിച്ചും അന്താരാഷ്ട്രമായി യാത്ര പോകുന്നവർ ശ്രദ്ധിക്കുക.
1. നിലവിൽ ഭീതിതമായ ഒരു സ്ഥിതിവിശേഷം അല്ല ഉള്ളത്. അതുകൊണ്ട് തന്നെ എൻറെ ദൈനംദിന പരിപാടികൾക്കോ പ്ലാൻ ചെയ്തിരിക്കുന്ന ഔദ്യോഗിക യാത്രകൾക്കോ ഒരു മാറ്റവും വരുത്തിയിട്ടില്ല.
2. അതേസമയം ഒഴിവാക്കാവുന്ന യാത്രകൾ ഒഴിവാക്കുകയും ചെയ്യും. വിമാനങ്ങളും വിമാനത്താവളവുമെല്ലാം വൈറസുകൾ പകരാൻ സാധ്യതയുള്ള സ്ഥലങ്ങളാണ്.
3. ചുമയോ പനിയോ പോലെ കൊറോണ വൈറസ് ബാധക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുമായി ബന്ധപ്പെടും (സാധാരണഗതിയിൽ ആദ്യത്തെ രണ്ടു ദിവസം കഴിഞ്ഞു മാത്രമേ ഞാൻ പനിയും ചുമയും വന്നാൽ ഡോക്ടറുമായി ബന്ധപ്പെടാറുള്ളൂ, ആ രീതി തൽക്കാലം മാറ്റും).
4. അസുഖം ഉണ്ടെങ്കിൽ കുടുംബാംഗങ്ങളോട് പോലും സുരക്ഷിതമായ രീതിയിൽ ആവും ഇടപെടുക. അടുത്തയാൾക്ക് പനി വരുന്പോൾ മാറി കിടക്കുന്നത് സ്നേഹക്കുറവായി ആളുകൾ ചിന്തിച്ചേക്കാം, അതുകൊണ്ട് അവരെ ധർമ്മസങ്കടത്തിൽ ആക്കാതെ സ്വയം മാറുന്നതാണ് ശരി. അത് അവരോടുള്ള സ്നേഹം ആണെന്ന് പറഞ്ഞാൽ മതി.
5. ചെറിയ പനിയും ചുമയും ഉണ്ടെങ്കിലും ഓഫീസിൽ പോകുന്നത് കൂടുതൽ ഉത്തരവാദിത്തമുള്ള രീതിയാണെന്നൊരു തെറ്റിദ്ധാരണ നമുക്കുണ്ട്. “ഒറ്റ ദിവസം പോലും ഞാൻ ഓഫീസിൽ മുടങ്ങിയിട്ടില്ല” എന്നൊക്കെ ആളുകൾ അഭിമാനത്തോടെ പറയുന്നത് കേൾക്കാം. അത് വേണ്ട. ചെറിയ പനിയോ ചുമയോ ഉണ്ടെങ്കിൽ പോലും ഓഫീസിൽ പോയി നാട്ടുകാരെ ടെൻഷൻ അടിപ്പിക്കേണ്ട. “ഇങ്ങോട്ട് വരണ്ട” എന്ന് പറയാൻ അവർ മടിച്ചേക്കും, നമ്മൾ ഔചിത്യപൂർവ്വം ചെയ്യേണ്ട കാര്യമാണിത് (ഇത് കൊറോണ വൈറസിന്റെ കാലത്ത് മാത്രമുള്ള കാര്യമല്ല, എല്ലാ കാലത്തും ചെയ്യേണ്ടതാണ്).
6. രോഗിയെ ആശുപത്രിയിൽ സന്ദർശിക്കുക എന്നൊരു കലാരൂപം യൂറോപ്പിൽ പൊതുവെ കുറവാണ്. നാട്ടിലാണെങ്കിലും ഈ കാലത്ത് ആശുപത്രിയിലെ രോഗി സന്ദർശനം ഒഴിവാക്കും. രോഗം പകർന്നു കിട്ടാൻ ഏറ്റവും സാധ്യതയുള്ള സ്ഥലമാണ് ആശുപത്രികൾ. ഈ ആശുപത്രി സന്ദർശന സംസ്കാരം ഒന്നൊഴിവാക്കാൻ പറ്റിയ കാലമാണ് ഇത്.
7. ചെറുതായിട്ടെങ്കിലും പനിയോ ചുമയോ ഉണ്ടെങ്കിൽ യാത്ര തുടങ്ങില്ല. പണ്ടൊരിക്കൽ ചൈനയിൽ ക്വാറന്റൈനിൽ പെട്ടതിന്റെ പേടി മാറിയിട്ടില്ല. ഇപ്പോൾ വീണ്ടും എല്ലാ രാജ്യങ്ങളും ടെൻഷനിലാണ്, ക്വാറന്റൈനിൽ എത്തിപ്പെടാനുള്ള സാധ്യത കൂടുതലാണ്. അവിടുത്തെ ഫുഡ് ഒട്ടും സുഖമില്ല, അത് വേണ്ട.
8.അന്താരാഷ്ട്ര യാത്ര ചെയ്യുന്പോൾ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്ന ശീലം ഇല്ലെങ്കിൽ അത് തുടങ്ങാൻ പറ്റിയ സമയമാണ്.
9. യാത്രകൾക്ക് ശേഷം പനിയോ ചുമയോ ഉണ്ടായാൽ ഉടൻ ഡോക്ടറെ കാണണം എന്ന് മാത്രമല്ല നമ്മൾ യാത്ര ചെയ്തിരുന്ന കാര്യം അവരെ അറിയിക്കുകയും വേണം.
10. ആർസെനിക്ക് മുതൽ ചാണകം വരെ ഉപയോഗിച്ച് രോഗശാന്തിക്കും പ്രതിരോധത്തിനും ഉള്ള മരുന്നുകൾ ലഭ്യമാണെന്ന് സന്ദേശങ്ങൾ ലഭിച്ചു കാണുമല്ലോ. ആധുനിക വൈദ്യത്തോട് നമുക്ക് എത്ര മാത്രം താത്വികമായ എതിർപ്പുണ്ടെങ്കിലും തൽക്കാലം ഒരു വെടിനിർത്തൽ പ്രഖ്യാപിച്ച് അവർ പറയുന്ന മുൻകരുതലുകളും ചികിത്സകളും സ്വീകരിക്കാം. വൈറസ് കാലം പോയിക്കഴിഞ്ഞാൽ പിന്നെ നമുക്ക് പഴയ മത്സരം തുടങ്ങാം.
സുരക്ഷിതരായിരിക്കുക!
മുരളി തുമ്മാരുകുടി
Post Your Comments