തിരുവനന്തപുരം: കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനി ചികിത്സയിൽ കഴിയുന്നത് തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ. ആരോഗ്യ മന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലാണ് ഈ വിദ്യാർത്ഥിനി.കേരളത്തിൽ നിന്ന് 20 പേരുടെ സാമ്പിളുകളാണ് അയച്ചത്. അതിൽ ഒരാളുടെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയുടെ ആരോഗ്യ നിലയിൽ ആശങ്കയില്ലെന്ന് മന്ത്രി വ്യക്തമാക്കി.
തുടർ നടപടികൾ ചർച്ച ചെയ്യാൻ ഉടൻ ഉന്നത തല യോഗം ചേരുമെന്നും കെകെ ശൈലജ പറഞ്ഞു. വിദ്യാർത്ഥിനിയെ നേരത്തെ തന്നെ പ്രത്യേക വാർഡിലേയ്ക്ക് മാറ്റിയിരുന്നതിനാൽ കൂടുതൽ പേർക്ക് കൊറോണ വൈറസ് ബാധ ഏൽക്കാനുള്ള സാധ്യത കുറവാണെന്നും മന്ത്രി വ്യക്തമാക്കി. പനിയും ചുമയുമായി ചികിത്സ തേടാനെത്തുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കും. സംസ്ഥാനത്ത് നിലവിൽ 806 പേർ നിരീക്ഷണത്തിലാണ്. ആരോഗ്യ മന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും ഉടൻ തൃശ്ശൂരിലേയ്ക്ക് പോകുമെന്നും കെകെ ശൈലജ പറഞ്ഞു.
Post Your Comments