കൊറോണ ഗ്രൂപ്പിൽ പെട്ട വൈറസിനെതിരെ ഹോമിയോപ്പതിയിൽ മരുന്ന് കണ്ടുപിടിച്ചതായി വ്യാജപ്രചരണം. ക്യാപ്സ്യൂൾ കേരള എന്ന ഫേസ്ബുക്ക് പേജാണ് ഇത്തരത്തിൽ വ്യാജപ്രചരണം നടക്കുന്നതായുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ ഗ്രൂപ്പിൽ പെട്ട പുതിയ വൈറസ് ചൈനയിൽ പടർന്നുപിടിക്കുന്നു. ഇതിനകം ചൈനയിൽ 132 മരണം സ്ഥിരീകരിച്ചുകഴിഞ്ഞു. പന്ത്രണ്ട് രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ നാം പിന്തുടരേണ്ട ചില പെരുമാറ്റച്ചട്ടങ്ങളുണ്ട്. അതിൽ പ്രധാനം വ്യാജവാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്നതാണെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം;
ഹോമിയോപതിയുടെ പേരിൽ വ്യാജന്മാർ
കൊറോണ ഗ്രൂപ്പിൽ പെട്ട പുതിയ വൈറസ് ചൈനയിൽ പടർന്നുപിടിക്കുന്നു. ഇതിനകം ചൈനയിൽ 132 മരണം സ്ഥിരീകരിച്ചുകഴിഞ്ഞു. പന്ത്രണ്ട് രാജ്യങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടുതൽ വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല; ആഗോളതലത്തിൽ എടുത്തിരിക്കുന്ന നടപടികൾ പരിഗണിച്ചാൽ അടുത്തുതന്നെ രോഗത്തെ പ്രതിരോധിക്കാനാകും എന്ന് കരുതാം. അതായത്, ശ്രദ്ധിക്കണം, അമിതമായ ആശങ്കയോ ഭയമോ വേണ്ട.
ഇത്തരം സന്ദർഭങ്ങളിൽ നാം പിന്തുടരേണ്ട ചില പെരുമാറ്റച്ചട്ടങ്ങളുണ്ട്. അതിൽ പ്രധാനം വ്യാജവാർത്തകൾ സൃഷ്ടിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത് എന്നതാണ്. ഏതെങ്കിലും ചിത്രങ്ങളെടുത്തു ഇതിപ്പോൾ വുഹാൻ തെരുവിലേതാണെന്നു പ്രചരിപ്പിക്കുക എല്ലാം നിരുത്സാഹപ്പെടുത്തേണ്ടതാണ്.
ഇന്നലെമുതൽ കറങ്ങിനടക്കുന്ന മറ്റൊരു പോസ്റ്റ് പലരും ശ്രദ്ധിച്ചുകാണും. ഹോമിയോപതിയുടെ പേരുപയോഗിച്ചു നടത്തുന്ന വ്യാജ പ്രസ്താവമാണത്. ആദ്യ ഖണ്ഡിക തന്നെ തട്ടിപ്പു വിളിച്ചോതുന്നു. അവസാനം കച്ചവടത്തിനായി മേൽവിലാസവും ഫോൺ നമ്പറും! പ്രചാരണം പറയുന്നതിപ്രകാരം…
“ഒന്നുകൊണ്ടും ഭയപ്പെടേണ്ട. ഹോമിയോയിൽ ചികിത്സക്കും പ്രതിരോധത്തിനും പറ്റിയ ഒന്നാംതരം മരുന്നുകളുണ്ട്. മാധ്യമങ്ങളിൽ കണ്ട രോഗലക്ഷണങ്ങൾ പഠിച്ചശേഷം ഞങ്ങളുടെ ഫോറം ഉപദേശിക്കുന്ന മരുന്നുകളാണിവ. ഞങ്ങൾക്ക് 44 വർഷത്തെ ഹോമിയോ ചികിത്സ പരിചയമുണ്ട്.”
അതെന്തായാലും നൈതികതയുള്ള ആരുടെയും വരികളല്ല. മാധ്യമങ്ങളിൽ വന്നതുനോക്കി പഠിക്കുക, അതനുസരിച്ചു ചികിത്സ നിർദ്ദേശിക്കുക. എന്തതിശയം! മന്ത്രവാദവും അത്ഭുതരോഗശാന്തിയും ഇതിലും ഭേദമല്ലേ? അവിടെ രോഗിയെ കാണുകയെങ്കിലും വേണം. പിന്നെ, അവർക്ക് 44 വർഷത്തെ പരിചയമുണ്ടത്രെ. എന്തുപരിചയം? ഈ വൈറസ് ഉണ്ടായതു തന്നെ 2019 മാത്രം. ശുദ്ധമായ തട്ടിപ്പാണിതെന്നു മനസ്സിലാക്കാൻ ഇത്രയും പോരെ?
പിന്നീട് ചേർത്തിരിക്കുന്ന കുറെ മരുന്നുകളുണ്ട്; അതാകട്ടെ അനേകം പൊതുരോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ. സീരിയസ് ആയ പ്രശ്നത്തിന് മുമ്പിൽ നാം നിൽക്കുമ്പോൾ അത് നിസ്സാരവൽക്കരിക്കുകയും സാമൂഹിക താല്പര്യങ്ങൾക്ക് വിരുദ്ധമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തേണ്ടതാണെന്ന് കരുതുന്നു….ക്യാപ്സ്യൂൾ കേരള
Post Your Comments