ചെന്നൈ : കല്യാണ വിരുന്നിനിടെ വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ച നവവരനെതിരെ പൊലീസ് കേസെടുത്തു. ചെന്നൈയിലാണ് സംഭവം. തിരുവര്‍ക്കാട് കരുമാരിയമ്മന്‍ കോയില്‍ ഭുവനേഷ് (23) ആണ് വടിവാള്‍ ഉപയോഗിച്ച് വിവാഹ കേക്ക് മുറിച്ചത്.കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഭുവനേഷിന്റെ സുഹൃത്ത് മണിക്കെതിരെയും പൊലീസ് കേസെടുത്തു.
ഞായറാഴ്ച്ചയായിരുന്ന ഭുവനേശ്വറിന്റെ വിവാഹ സല്‍ക്കാരം. പഴയ കൂട്ടുകാരെയെല്ലാം സല്‍ക്കാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. വധുവും വരനും ഒന്നിച്ച് കേക്ക് മുറിക്കുന്നത് വ്യത്യസ്തമാക്കാനായിരുന്നു തീരുമാനം. കേക്ക് മുറിക്കുന്നതിനായി വരന്റെ കൂട്ടുകാരാണ് വടിവാള്‍ നല്‍കിയത്. കേക്ക് മുറിക്കുന്ന സമയം കൂട്ടുകാരന്‍ മറ്റൊരു വടിവാള്‍ ഉയര്‍ത്തിക്കാട്ടുന്നുമുണ്ട്. ഇതിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിച്ചത്. വരനൊപ്പം കൂട്ടുകാര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഏത് വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ചരിത്ര ബിരുദധാരിയായ ഭുവനേഷ് ഇപ്പോള്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. മൂന്നടി നീളമുള്ള വടിവാള്‍ ഉപയോഗിച്ചാണ് ഭുവനേഷ് കേക്ക് മുറിക്കുന്നത്. 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മുപ്പതോളം ചെറുപ്പക്കാര്‍ സ്റ്റേജില്‍ കയറി വിവാഹ വിരുന്ന് ആഘോഷിക്കുന്നതും കാണാം. ഇതാദ്യമായല്ല തമിഴ്‌നാട്ടില്‍ സമാനമായ സംഭവമുണ്ടാകുന്നത്. ഇതിന് മുന്‍പ് സമാനരീതിയില്‍ വിവാഹ ആഘോഷത്തിനും പിറന്നാള്‍ ആഘോഷങ്ങള്‍ക്കും വടിവാള്‍ ഉപയോഗിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments