Latest NewsKeralaIndiaNews

കൊറോണ വൈറസ്: കേരളത്തിൽ ജാഗ്രത ശക്തമാക്കി ; ആകെ നിരീക്ഷണത്തിലുള്ളത് 633 പേർ

തിരുവനന്തപുരം എയർപോർട്ടിൽ നിരീക്ഷണ സംവിധാനം : ജില്ലാതലത്തിലും കൺട്രോൾ റൂമുകൾ

തിരുവനന്തപുരം : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതുതായി 197 പേരുൾപ്പെടെ കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ യോഗത്തിൽ പറഞ്ഞു.

അതിൽ ഏഴു പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുവരെ 16 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ഒൻപതു പേരെ ഡിസ്ചാർജ് ചെയ്തു. 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ആറു പേർക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. നാലു പേരുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സംശയം തോന്നിയ ആറു പേരുടെ സാമ്പിളുകൾ ചൊവ്വാഴ്ച അയച്ചിട്ടുണ്ട്. ഐ.സി.എം.ആർ.ന്റെ ഗൈഡ്ലൈൻ അനുസരിച്ചാണ് സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുന്നത്. കൊറോണ വൈറസ് പ്രതിരോധത്തിന് ശക്തമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്.  ഒരു കൊറോണ രോഗ ബാധയും കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ഒരാൾക്കെങ്കിലും ബാധിച്ചാൽ അതിനെ നേരിടാനുള്ള സംവിധാനമാണ് ആരോഗ്യ വകുപ്പ് ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 കേന്ദ്ര സർക്കാരിന്റെ കീഴിലാണ് എയർപോർട്ടുകളുടെ നിരീക്ഷണം. കൊച്ചി വിമാനത്താവളത്തിൽ നേരത്തെ തന്നെ നിരീക്ഷണ സംവിധാനമുണ്ടായിരുന്നു. തിരുവനന്തപുരം എയർപോർട്ടിലും പുതുതായി നിരീക്ഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനിൽ നിന്നും വന്നവർ സ്വമേധയാ നിരീക്ഷണത്തിന് തയ്യാറാകണം. ലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ തന്നെ പാർപ്പിച്ചാണ് നിരീക്ഷിക്കുന്നത്. അപൂർവം ചിലർ റിപ്പോർട്ട് ചെയ്യാതെ പോകാറുണ്ട്. അത് വലിയ ആപത്താണ്. അതിനാൽ ചൈനയിൽ പോയി വന്നവരുണ്ടെങ്കിൽ അടിയന്തരമായി അറിയിക്കണം.

Also read : കോറോണ: ചൈനയിൽ കുടങ്ങിയ ഇന്ത്യയ്ക്കാരെ പ്രത്യേക വിമാനത്തിൽ നാട്ടിൽ എത്തിക്കും

ചൈന, തുടങ്ങിയ രോഗ ബാധിത പ്രദേശങ്ങളിൽ നിന്നും മടങ്ങി വന്നവർ കുടുംബാംഗങ്ങൾ ഉൾപ്പെടെ മറ്റുള്ളവരുമായുള്ള സമ്പർക്കം പൂർണമായും ഒഴിവാക്കണം. നിലവിൽ ആരും പേടിക്കേണ്ട സാഹചര്യവുമില്ല. എല്ലാവരും നന്നായി ശ്രദ്ധിക്കേണ്ടതാണ്. ചൈനയിൽ പോയി വന്ന മെഡിക്കൽ വിദ്യാർത്ഥികൾ സ്വയം നിരീക്ഷിക്കപ്പെടുവാൻ തയ്യാറാകുകയും സമാന രീതിയിൽ മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും വേണം.കൊറോണ റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാനതലത്തിൽ സ്റ്റേറ്റ് കൺട്രോൾ റൂമും ജില്ലാ കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം കൂടിയാണ് ഓരോ ദിവസത്തേയും പ്രവർത്തനം ഏകോപിപ്പിക്കുന്നത്. നിരീക്ഷണത്തിലുള്ളവരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലാക്കി വിഭജിച്ചാണ് നിരീക്ഷണം ക്രമീകരിച്ചിട്ടുള്ളത്. 28 ദിവസംവരെ ഇവരെ നിരീക്ഷിക്കേണ്ടതുണ്ട്. ലോകത്ത് നിന്നും കൊറോണ രോഗബാധ പൂർണമായും ഇല്ലാതായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നതുവരെ ഈ നിരീക്ഷണം തുടരും.

കേരളം സന്ദർശിച്ച കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. ചൈനയിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതിയിട്ടുണ്ട്. നോർക്ക വഴിയും ഇടപെടൽ നടക്കുന്നുണ്ട്. അവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തിയിട്ടുണ്ട്. കേന്ദ്രം അനുമതി നൽകി അവരെ തിരികെ കൊണ്ടുവന്നാൽ അവരുടെ ചികിത്സ ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button