ന്യൂഡൽഹി: 71ാം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധ സ്മാരകം സന്ദര്‍ശിച്ചു. വീര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നത്. റിപ്പബ്ലിക് ദിനാഘോഷ പരേഡ് ആരംഭിച്ചു.
ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ബിപിന്‍ റാവത്ത്, കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നർവാനെ , നാവികസേന മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ആര്‍കെഎസ് ഭദുരിയ എന്നിവര്‍ യുദ്ധസ്മാരകത്തിലെത്തില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
ഇത്തവണ റിപ്പബ്ലിക് ദിന പരേഡിലെ വിശിഷ്ടാതിഥി ബ്രസീൽ പ്രസിഡന്റ് ജൈർ ബോൾസൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയൻ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തിൽ വിശിഷ്ടാതിഥി ആയി എത്തുന്നത്. ഇതിന് മുമ്പ് 1996, 2004 വർഷങ്ങളിലും ഇന്ത്യ റിപ്പബ്ലിക് ദിനത്തിൽ ബ്രസീലിയൻ പ്രസിഡന്റുമാർക്ക് ആതിഥ്യമരുളിയിരുന്നു.
ALSO READ: 71-ാമത് റിപ്പബ്ലിക് ദിനം : യുഎഇയിലെ ചില ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ഞായറാഴ്ച അവധി പ്രഖ്യാപിച്ചു.
കര, നാവിക, വ്യോമ സേനാ വിഭാഗങ്ങള്‍ക്കും, പാരാമിലിട്ടറി ഫോഴ്‌സിനുമൊപ്പം 31 ബാന്‍ഡുകളും പരേഡില്‍ പങ്കെടുക്കും. 90 മിനിട്ട് ദൗര്‍ഘ്യമുള്ള പരിപാടികളാകും രാജ്പഥില്‍ നടക്കുക. രാജ്യത്തിന്റെ സൈനിക ശേഷിയും സാംസ്‌കാരിക വൈവിധ്യവും വ്യക്തമാക്കുന്ന പരേഡാകും രാജ്യതലസ്ഥാനത്ത് നടക്കുക. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Post Your Comments