പാലക്കാട്∙ കുട്ടികള്‍ക്കെതിരായ ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ സംബന്ധിച്ച അന്വേഷണം ഏകോപിപ്പിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി പ്രത്യേക കേന്ദ്രം ചില്‍ഡ്രന്‍ ആൻഡ് പൊലീസ് പദ്ധതിയുടെ സംസ്ഥാനതല കേന്ദ്രം എന്നിവ നിലവില്‍ വന്നു. ഇവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍റെ പത്നി കമല വിജയന്‍ നിര്‍വഹിച്ചു.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം അന്വേഷിക്കാന്‍ പ്രത്യേകം പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥരാണുണ്ടാവുക.
എഡിജിപി മനോജ് എബ്രഹാം ആണ് സംസ്ഥാനതല നോഡല്‍ ഓഫിസര്‍. 70 ഉദ്യോഗസ്ഥരാണ് ഈ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്.കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാന്‍ 2019 മാര്‍ച്ചില്‍ പ്രത്യേക സംഘത്തിനു രൂപം നല്‍കിയ ശേഷം ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന 42 പേരെ അറസ്റ്റു ചെയ്യുകയും 38 കേസുകള്‍ റജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. കേരളത്തിലൊട്ടാകെ 210 സ്ഥലങ്ങളില്‍ പരിശോധന നടത്തി.ഇന്‍റര്‍പോള്‍, നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ മുതലായ ഏജന്‍സികളുമായി ചേര്‍ന്നാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനം.
കൂടാതെ കാണാതായ കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കേന്ദ്രത്തിന്‍റെ സഹകരണവും ഉണ്ടാകും. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാനായുള്ള കേരളാ പൊലീസിന്‍റെ ശ്രമങ്ങള്‍ക്കു മുതല്‍ക്കൂട്ടാണ് ഈ കേന്ദ്രം.കുട്ടികളുമായി ബന്ധപ്പെട്ട ഏതു വിവരങ്ങളും നൽകാൻ ഒരു കോള്‍ സെന്‍ററും ഇവിടെ പ്രവര്‍ത്തനമാരംഭിക്കും. കുട്ടികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങളെ ബന്ധപ്പെടുത്തി ഒരു ഹബ് രൂപീകരിക്കാനും പദ്ധതിയുണ്ട്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിയന്ത്രണത്തിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ഐജി.പി. വിജയനാണ് സംസ്ഥാനതല നോഡല്‍ ഓഫിസര്‍.
Post Your Comments