ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് ഏപ്രിൽ അവസാനത്തോടെ ഗതാഗത യോഗ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. നിർമാണം ഉടൻ പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി റെയിൽവേ ഓവർ ബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കാൻ നാളെ മുതൽ റെയിൽ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. ദിവസവും 2 മണിക്കൂർ എന്നെനിലയിൽ ഈ മാസം 30 വരെയാകും ആലപ്പുഴ റൂട്ടിലെ ട്രെയിൻ ഗതാഗത നിയന്ത്രണം.
40 വർഷത്തിലധികമുള്ള കാത്തിരിപ്പുണ്ട് ഈ ബൈപ്പാസിനായി. തടസങ്ങൾ പലതും തട്ടിനീക്കി ഒടുവിൽ ഓവർ ബ്രിഡ്ജ് നിർമാണം ഈ ഘട്ടത്തിലെത്തിയിട്ട് കാലം കുറച്ചധികമായി. റെയിൽവേയ്ക്ക് മുകളിലുള്ള ഗർഡറുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേയും പൊതുമരാമത്ത് വകുപ്പും തമ്മിൽ നിലനിന്ന തർക്കമാണ് ഈ വൈകലിന് കാരണമായത്.
ബൈപ്പാസിന്റെ ഒന്നാമത്തെ റെയിൽവേ ഓവർബ്രിഡ്ജിന്റെ ഗർഡറുകളുടെ കേമ്പറിന്റെ അളവുകൾക്ക് റെയിൽവേ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇപ്പോൾ തർക്കങ്ങൾ പരിഹരിച്ച് ഗർഡറുകളിലെ ബോൾട്ടുകളുടെ അളവിൽ മാറ്റം വരുത്തി നിർമ്മാണം ദ്രുതഗതിയിലാക്കാൻ ബൈപ്പാസ് അവലോകന യോഗത്തിൽ ധാരണയായി. പൊതുമരാമത്ത് മന്ത്രിയും റയിൽവെ അധികൃതരും പങ്കെടുത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടായത്.
ALSO READ: ശക്തമായ ഭൂചലനം: മരണ സംഖ്യ 22 ആയി. മുപ്പതോളം പേരെ കാണാതായി
ഇതിന്റെ അടിസ്ഥാനത്തിൽ മാളികമുക്ക് ഭാഗത്തെ ഓവർ ബ്രിഡ്ജിന്റെ ഗർഡറുകൾ സ്ഥാപിക്കാനുള്ള നടപടികൾ നാളെ മുതൽ ആരംഭിക്കും. അതിനാൽ നാളെ മുതൽ ഈ മാസം 30 വരെ ദിവസേന രണ്ടുമണിക്കൂർ എന്ന നിലയിൽ റെയിൽ ഗതാഗതം ബ്ലോക്ക് ചെയ്താകും ഗർഡറുകൾ സ്ഥാപിക്കുക. തുടർന്ന് മേൽപ്പാലം കോൺക്രീറ്റ് ചെയ്യുന്നതിന് രണ്ടരമാസവും അത് ഉണങ്ങി തയാറാകുന്നതിനുള്ള കാലാവധിയും കണക്കാക്കിയാണ് ബൈപ്പാസ് ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്.
Post Your Comments