ന്യൂഡല്‍ഹി: ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പുകളില്‍ സ്‌ഥാനാര്‍ഥിയാക്കരുതെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ സുപ്രീം കോടതിയില്‍. ബി.ജെ.പി. നേതാവും അഭിഭാഷകനുമായി അശ്വനികുമാര്‍ ഉപാധ്യായ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെ കോടതി ആവശ്യപ്പെട്ടതനുസരിച്ചാണു കമ്മിഷന്‍ നിലപാട് അറിയിച്ചത്.
മാധ്യമങ്ങളിലൂടെ സ്‌ഥാനാര്‍ഥികള്‍ തങ്ങളുടെ പേരിലുള്ള ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവ് രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വത്‌കരണം തടയാന്‍ ഫലപ്രദമായില്ലെന്നും കമ്മിഷന്‍ കോടതിയെ അറിയിച്ചു. കമ്മിഷന്റെ അഭിപ്രായം കേട്ടശേഷം രാഷ്‌ട്രീയത്തിലെ ക്രിമിനല്‍വത്‌കരണം അവസാനിപ്പിക്കാന്‍ വ്യക്‌തമായ പദ്ധതി ഒരാഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ ജസ്‌റ്റിസ്‌മാരായ ആര്‍.എഫ്. നരിമാന്‍, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
കമ്മിഷനുമായി കൂടിയാലോചിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അശ്വനികുമാര്‍ ഉപാധ്യായയോടും കോടതി ആവശ്യപ്പെട്ടു.സ്‌ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്‌ചാത്തലം വെളിപ്പെടുത്തണമെന്ന 2018-ലെ കോടതി ഉത്തരവ് ഉള്‍പ്പെടുത്തി തെരഞ്ഞെടുപ്പു കമ്മിഷന്‍ പെരുമാറ്റച്ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഉപാധ്യായ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.
Post Your Comments