KeralaLatest NewsNews

കൊറോണ വൈറസ് ബാധ: മന്ത്രി ടി.പി. രാമകൃഷ്ണൻ കേന്ദ്രസർക്കാറിന് കത്തയച്ചു

തിരുവനന്തപുരം•കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിദേശരാജ്യങ്ങളിലെ മലയാളി നഴ്‌സുമാരുടെ സുരക്ഷ ഉറപ്പുവരുത്താനും വൈറസ് ബാധിച്ചതായി സംശയിക്കുന്ന സൗദിയിലെ മലയാളി നഴ്‌സിന് വിദഗ്ധചികിത്സ ലഭ്യമാക്കാനും നടപടിയുണ്ടാകണമെന്ന് അഭ്യർഥിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. സുബ്രഹ്മണ്യൻ ജയശങ്കർ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർക്ക് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ കത്തയച്ചു.

സൗദി ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെ ആശങ്കകൾ പരിഹരിക്കുവാനും മികച്ച ചികിത്സയും പ്രതിരോധസംവിധാനങ്ങളും ഉറപ്പുവരുത്താനും കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒഡെപെക്ക് മുഖേന നാലായിരത്തോളം നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത രാജ്യമാണ് സൗദി. സൗദിയിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആശുപത്രിയിലേക്ക് മാത്രം നാൽപ്പതോളം നഴ്‌സുമാരെ ഒഡെപെക്ക് മുഖേന റിക്രൂട്ട് ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകൃത ഏജൻസിയാണ് തൊഴിലും നൈപുണ്യവും വകുപ്പിന്റെ കീഴിലുള്ള ഒഡെപെക്ക്.

കൊറോണ വൈറസ് ബാധ സംബന്ധിച്ച് ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനും വ്യാപകമായ നിലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ആരോഗ്യമന്ത്രി ഡോ. ഹർഷവർധനോട് മന്ത്രി അഭ്യർഥിച്ചു. വൈറസ് ബാധ വലിയ ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ ആശങ്ക അകറ്റുന്നതിനും നഴ്‌സുമാരുടെ സുരക്ഷയ്ക്കും ആവശ്യമായ എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കണമെന്ന് കത്തിൽ അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button