ന്യൂഡല്‍ഹി: മോദി സര്‍ക്കാരിലെ മികച്ച മന്ത്രി അമിത് ഷായെന്ന് സര്‍വേ.രാജ്‌നാഥ് സിംഗിനേയും നിര്‍മല സീതാരാമനേയും കടത്തി വെട്ടി അമിത് ഷാ ഏറ്റവും മികച്ച മന്ത്രിയായത്. ഇന്ത്യ ടുഡെ-കര്‍വി മൂഡ് ഓഫ് ദി നാഷന്‍ സര്‍വേയാണ് മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി ആഭ്യന്തര മന്ത്രി അമിത് ഷായെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജ്യവ്യാപകമായി സര്‍ക്കാരിന് എതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോഴും മോദി സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രി അമിത് ഷായാണ് എന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.
ഏറ്റവും മികച്ച 10 കേന്ദ്രമന്ത്രിമാരിലാണ് അമിത് ഷാ ഒന്നാമത് എത്തിയിരിക്കുന്നത്. അഭിപ്രായ സര്‍വ്വേയില്‍ പങ്കെടുത്ത് വോട്ട് രേഖപ്പെടുത്തിയ 42 ശതമാനം പേര്‍ക്കും അമിത് ഷായാണ് മികച്ച മന്ത്രി എന്ന അഭിപ്രായമാണുളളത്. ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം പല തീരുമാനങ്ങളും അമിത് ഷാ കൈക്കൊണ്ടിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുക, പൗരത്വ ഭേദഗതി നിയമം കൊണ്ടുവരിക എന്നിവയാണ്. ബിജെപി ദേശീയ അധ്യക്ഷ പദവി വിശ്വസ്തനായ ജെപി നദ്ദയ്ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് അമിത് ഷാ.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് അമിത് ഷായ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുളളത്. 39 ശതമാനം പേരാണ് രാജ്നാഥ് സിംഗിന് വോട്ട് ചെയ്തിരിക്കുന്നത്. നിതിന്‍ ഗഡ്കരിയാണ് മൂന്നാമത്. സാമ്പത്തിക രംഗത്തെ തകര്‍ച്ചയുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുന്ന ധനമന്ത്രി നിര്‍മല സീതാരാമനാണ് നാലാം സ്ഥാനത്തുളളത്. 26 ശതമാനം പേരാണ് നിര്‍മല മികച്ച മന്ത്രിയാണെന്ന് കരുതുന്നത്. മികച്ച മന്ത്രിമാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അടക്കമുളള വിഷയങ്ങളില്‍ കൈകാര്യം ചെയ്യുന്നതില്‍ നിര്‍മല സീതാരാമന്‍ പരാജയപ്പെട്ടു എന്നാണ് സര്‍വ്വേയില്‍ 46 ശതമാനം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്.
24 ശതമാനം വോട്ടുമായി പീയുഷ് ഗോയല്‍, 22 ശതമാനം വോട്ടുമായി സ്മൃതി ഇറാനി, 16 ശതമാനം വോട്ടുമായി രവിശങ്കര്‍ പ്രസാദ്, 15 ശതമാനം വോട്ടുമായി രാം വിലാസ് പസ്വാന്‍, 15 ശതമാനം വോട്ടുമായി ഗിരിരാജ് സിംഗ്, 14 ശതമാനം വോട്ടുമായി നരേന്ദ്ര സിംഗ് തോമാര്‍ എന്നിവരും മോദി സര്‍ക്കാരിലെ മികച്ച പത്ത് മന്ത്രിമാരുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
Post Your Comments