ജംഷെഡ്പുര്‍: ഝാര്‍ഖണ്ഡില്‍ പത്ഥല്‍ഗഡി സമരത്തെ എതിര്‍ത്ത ഏഴ് മുര്‍മു ക്രിസ്ത്യന്‍ യുവാക്കളെ തലയറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വെസ്റ്റ് സിംഗ്ഭും ജില്ലയിലെ സാരന്ദ വനത്തിനുള്ളിലാണ് ഇവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗ്രാമസഭകള്‍ക്ക് ഇന്ത്യന്‍ നിയമപ്രകാരം സ്വയം ഭരണം വേണമെന്ന് വാദിക്കുന്നതാണ് പത്ഥല്‍ഗഡി സമരം.വെള്ളം, വനം, ഭൂമി എന്നിവയ്ക്കുള്ള അവകാശങ്ങള്‍ വീണ്ടെടുക്കുക എന്നതാണ് അവരുടെ പോരാട്ടം. ഇവരുടെ സമരത്തെ എതിര്‍ത്തവരാണ് കൊല്ലപ്പെട്ടത്.
പത്ഥല്‍ഗഡി സമരം ശക്തിപ്പെടുത്തുന്നതിനായി ഞായറാഴ്ച ഗുജ്രി ബ്ലോക്കില്‍ യോഗം വിളിച്ചിരുന്നു. എന്നാല്‍, ചിലര്‍ ഈ നീക്കത്തെ എതിര്‍ത്തു. സമരം ശക്തിപ്പെടുത്തേണ്ടെന്ന് ഒരുവിഭാഗം വാദിച്ചതോടെ കൈയാങ്കളിയായി. എതിര്‍ത്തവരില്‍ ഏഴ് പേരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. പത്ഥല്‍ഗഡി സമരാനുകൂലികള്‍ യുവാക്കളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 24നും 35നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ പഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെടുന്നു. കൊലപാതകത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് പാര്‍ട്ടിതല അന്വേഷണത്തിന് ആറംഗ കമ്മിറ്റിയെയും നദ്ദ നിയോഗിച്ചു.
Post Your Comments