ഓസീസിനെ തോല്‍പ്പിച്ച് പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തില്‍ കൊഹ്ലിയും സംഘവും ന്യൂസിലാന്‍ഡില്‍ എത്തി. നാട്ടിലെ തുടര്‍ച്ചയായ പരമ്പരകള്‍ക്കു ശേഷം ഈ വര്‍ഷത്തെ ആദ്യ വിദേശ പര്യടനത്തിനാണ് ഇന്ത്യ ഓക്ക്ലാന്‍ഡില്‍ വിമാനമിറങ്ങിയിരിക്കുന്നത്. ന്യൂസിലാന്‍ഡിലെത്തിയ വിവരം വിരാട് കോഹ്ലിയാണ് സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവെച്ചുകൊണ്ട് അറിയിച്ചത്. 5 ട്വന്റി20യും 3 ഏകദിനങ്ങളും 2 ടെസ്റ്റുമാണ് ടീം ന്യൂസിലാന്‍ഡില്‍ കളിക്കുക. ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള പരിശീലന മത്സരം കൂടിയാണ് ഇന്ത്യക്കു ഈ പരമ്പര.
വെള്ളിയാഴ്ച നടക്കുന്ന ട്വന്റി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ഓക്ക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കിലാണ് മത്സരം നടക്കുക. മാര്‍ച്ച് ആദ്യ വാരം വരെ നീളുന്നതാണ് ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനം. ഓസ്ട്രേലിയക്കെതിരേ കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ശിഖര്‍ ധവാനില്ലാതെയാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. ധവാന്റെ പകരക്കാരനായി ട്വന്റി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണിനെയും ഏകദിന പരമ്പരയില്‍ പൃഥ്വി ഷായെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇരുവരും ന്യൂസിലാന്‍ഡ് എ ടീമുമായുള്ള പര്യടനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ ടി20 ടീം : വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, സഞ്ജു സാംസണ്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ താക്കൂര്‍.
ഇന്ത്യന്‍ ഏകദിന ടീം : വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, പൃഥ്വി ഷാ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത്, ശിവം ദുബെ, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവദീപ് സെയ്നി, ശര്‍ദ്ദുല്‍ താക്കൂര്‍, കേദാര്‍ ജാദവ്.
Post Your Comments