ശബരിമല : മണ്ഡല – മകരവിളക്ക് കാലത്ത് ശബരിമലയിലെ ആകെ വരുമാനം 263.46 കോടി രൂപ. നാണയങ്ങൾ മുഴുവൻ എണ്ണി തീർന്നില്ല. ഫെബ്രുവരി 5 ന് നാണയം എണ്ണുന്നതു പുനഃരാരംഭിക്കും. ആകെ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 95.35 കോടി രൂപ കൂടുതലുണ്ട്. കഴിഞ്ഞ വർഷം ആകെ വരുമാനം 168.11 കോടി രൂപയായിരുന്നു. 2017-18 വർഷത്തെ ആകെ വരുമാനം 263.77 കോടിയും. 31 ലക്ഷത്തിന്റെ വ്യത്യാസമേ ഉള്ളൂ. നാണയങ്ങൾ എണ്ണി തീരുമ്പോൾ ഇത് മറികടക്കും എന്നാണു പ്രതീക്ഷ.
ഇത്തവണ മണ്ഡല-മകരവിളക്ക് കാലത്ത് ലഭിച്ച നാണയത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇതുവരെ എണ്ണി തീർക്കാൻ കഴിഞ്ഞത്. ദേവസ്വം ഭണ്ഡാരത്തിന്റെ മൂന്നു ഭാഗത്തായി ഇത് കൂട്ടി ഇട്ടിരിക്കുകയാണ്, മകരവിളക്ക് കാലത്ത് പ്രതിദിനം 23 ലക്ഷം രൂപയുടെ നാണയം എണ്ണി ധനലക്ഷ്മി ബാങ്കിനു കൈമാറി. ബാക്കിയാണ് എണ്ണാതെ കിടക്കുന്നത്. കുറഞ്ഞത് 8 കോടി രൂപയുടെ എങ്കിലും നാണയം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു പറഞ്ഞു.
ഫെബ്രുവരിയിലെ കുംഭ മാസ പൂജയ്ക്ക് നട തുറക്കുന്നതിനു മുൻപ് നാണയം എണ്ണി തീർക്കണമെന്നാണ് പ്രതീക്ഷ. കുറഞ്ഞത് 300 ജീവനക്കാരെ എങ്കിലും ഇതിനായി നിയോഗിക്കേണ്ടി വരും.
Post Your Comments