മധുരൈ: സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ കോലം കത്തിച്ച അഞ്ച് പേർ പൊലീസ് പിടിയിൽ. അതി തമിഴർ പേരവൈ എന്ന സംഘടനയുടെ പ്രവർത്തകരെയാണ് താരത്തിനെതിരെ മുദ്രാവാക്യം മുഴക്കി കോലം കത്തിച്ചു എന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
നവോത്ഥാന നായകനായ പെരിയാറിനെതിരെ രജനീകാന്ത് നടത്തിയ ചില പ്രസ്താവനകൾ വൻ വിവാദം ഉയർത്തിയിരുന്നു. ഇതിന്റെ പേരിൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ താരത്തിനെതിരെ പ്രതിഷേധവും ശക്തമാകുന്നുണ്ട്. ഈ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലും നടന്നത്.
അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാൻ പെരിയാറിന്റെ നേതൃത്വത്തിൽ 1971ൽ സേലത്ത് നടത്തിയ റാലിയിൽ സീതയുടെയും രാമന്റെയും നഗ്നചിത്രങ്ങള്‍ ചെരുപ്പ് മാല അണിയിച്ചാണ് ഉപയോഗിച്ചതെന്നാണ് താരം പറഞ്ഞത്. അന്നൊന്നും ആരും അത് വാര്‍ത്തയാക്കിയില്ലെന്നും രജനി കൂട്ടിച്ചേർത്തിരുന്നു. ഇക്കഴിഞ്ഞ ജനുവരി 14ന് ഒരു മാസികയുടെ അമ്പതാം വാർഷികാഘോഷ ചടങ്ങിനിടെയാണ് രജനി പ്രസ്താവന നടത്തിയത്.
വലിയ വിവാദങ്ങളിലേക്കാണ് ഈ പ്രസ്താവന വഴി തുറന്നത്. പെരിയാറിനെതിരെ പച്ചനുണ പ്രചരിപ്പിച്ച് അപമാനിക്കുവാനാണ് രജനീകാന്ത് ശ്രമിക്കുന്നതെന്നാണ് ദ്രാവിഡർ വിടുതലൈ കഴകം (ഡിവികെ) വിമർശിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. രജനീകാന്ത് നിരുപാധികം മാപ്പു പറയണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രജനിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്.
Post Your Comments