ന്യൂഡല്‍ഹി: മലയാളിയായ പ്രവാസി വ്യവസായി സി സി തമ്പി ദില്ലിയില്‍ അറസ്റ്റിലായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്. ഹോളിഡെയ്‌സ് ഗ്രൂപ്പ് ചെയര്‍മാനാണ് സി.സി. തമ്പി. 1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്നാണ് കേസ്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദില്ലിയിലേക്ക് വിളിച്ചു വരുത്തിയാണ് തമ്പിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് തമ്പിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തിയത്. ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകള്‍. നേരത്തെ റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്റെ പേരിലും എന്‍ഫോഴ്‌സ്‌മെന്റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു.
ഹോളിഡെയ്‌സ് ഗ്രൂപ്പിന്റെ പേരില്‍ തമ്പി എറണാകുളത്ത് നടത്തുന്ന റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ റോബര്‍ട്ട് വധേരക്ക് പങ്കുള്ളതായി സൂചനകളുണ്ടായിരുന്നു. യുപിഎ ഭരണകാലത്ത് തമ്പിക്ക് വഴിവിട്ട പല സഹായങ്ങളും ലഭിച്ചിരുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. യുപിഎ സര്‍ക്കാരിന്റെ സമയത്ത് ഹരിയാനയിലെ ഫരീദാബാദില്‍ 400 ഏക്കറോളം കാര്‍ഷിക ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടാണ് തമ്പിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നത്. റിയല്‍ എസ്റ്റേറ്റിനു പുറമെ റിസോര്‍ട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയടക്കം ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസ് ഇടപാടുകളാണ് ഹോളിഡേ ഗ്രൂപ്പിനുള്ളത്. ഹരിയാനയില്‍ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചിട്ടുണ്ടെന്ന സംശയമുയര്‍ന്നതിനെ തുടര്‍ന്നം തമ്പിയെ ചോദ്യം ചെയ്തിരുന്നു. 2010ലും തമ്പിക്കെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജുകള്‍ക്ക് അടിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈകേസ്.
Post Your Comments