
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് പകര്‍ത്തിയ ബോളിവുഡ് നടിക്ക് ട്രോള്‍ മഴ. നടിയും മോഡലുമായ ഉര്‍വശി റൗത്തേലയാണ് ‘ശബാന അസ്മി വേഗത്തില്‍ സുഖംപ്രാപിക്കട്ടെ’ എന്ന് ആശംസിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റ് പകര്‍ത്തിയത്. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന ശബാന ആസ്മി ‘വേഗത്തില്‍ സുഖം പ്രാപിക്കട്ടെ’ എന്ന് ആശംസിച്ചു കൊണ്ടായിരുന്നു ഉര്‍വശിയും ട്വീറ്റ് ചെയ്തിരുന്നത്.
ഞായറാഴ്ച രാത്രി ഉര്‍വശി പങ്കുവച്ച ട്വീറ്റ്, പ്രധാനമന്ത്രിയുടെ ട്വീറ്റില്‍നിന്ന് പകര്‍ത്തിയതാണെന്ന് പറഞ്ഞ് ആളുകള്‍ നടിയെ പരിഹസിക്കുകയായിരുന്നു. ‘ശബാന ആസ്മി ജി അപകടത്തില്‍പ്പെട്ടെന്ന വാര്‍ത്ത വളരെ ദുഖകരമാണ്. അവര്‍ വേഗം സുഖംപ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു’, എന്നായിരുന്നു ഉര്‍വശിയുടെ ട്വീറ്റ്. ഇതേ വാക്കുകള്‍ തന്നെയാണ് നരേന്ദ മോദിയും ട്വീറ്റില്‍ കുറിച്ചിരുന്നത്. എന്തിനാണ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ കോപ്പിയടിച്ചതെന്നായിരുന്നു ട്വിറ്റര്‍ ഉപയോക്താക്കള്‍ ചോദിച്ചത്. എന്നാല്‍, ഇത്തരത്തില്‍ നേരത്തെയും മറ്റുള്ളവരുടെ വാക്കുകള്‍ ഉര്‍വശി കോപ്പിയടിച്ചിട്ടുണ്ട്. 2018ല്‍ നടിയും മോഡലുമായ ഗിഗി ഹദീദിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ വരികള്‍ ഉര്‍വശി കടമെടുത്തിരുന്നു. പ്രണയബന്ധത്തെക്കുറിച്ച് അപവാദപ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെയായിരുന്നു ഗിഗിയുടെ പോസ്റ്റ്.
Post Your Comments