ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ജഗത് പ്രകാശ് നദ്ദയെ ബിജെപി ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് അധ്യക്ഷനെ തെരഞ്ഞെടുത്തത്. ബിജെപി പാര്‍ലമെന്റി ബോര്‍ഡ് അംഗവും ഹിമാചല്‍ പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗവുമാണ് നദ്ദ. കേന്ദ്ര ആഭ്യന്തര മന്ത്രി പദവിയിലേക്ക് അമിത് ഷാ മാറിയ പശ്ചാത്തലത്തിലാണ് ബി.ജെപി പുതിയ അധ്യക്ഷനെ കണ്ടെത്തിയത്. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ജനുവരി 22ന് ബിജെപി ആസ്ഥാനത്തുവെച്ച് നടക്കുന്ന ചടങ്ങിലാകും നദ്ദ അദ്ധ്യക്ഷ ചുമതലയേല്‍ക്കുക.
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവാണ് ജെ.പി നദ്ദ. ഒന്നാം മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായിരുന്ന അദ്ദേഹം മുന്‍പ് യുവ മോര്‍ച്ചയുടെ അദ്ധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1993ല്‍ ആദ്യമായി ഹിമാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1998ല്‍ വിജയം ആവര്‍ത്തിച്ച് ആരോഗ്യ, കുടുംബക്ഷേമ മന്ത്രിയായി. 2007ല്‍ വീണ്ടും എംഎല്‍എയായ അദ്ദേഹത്തിന് വനം, പരിസ്ഥിതി, ശാസ്ത്ര സാങ്കേതിക വകുപ്പുകള്‍ ലഭിച്ചു. 2012ല്‍ രാജ്യസഭയിലെത്തി. 2014ല്‍ മോദി സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായി.
Post Your Comments