ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി യാഥാര്‍ത്ഥ്യമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ച് പാകിസ്താനിലെ ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് ഇരുവരോടുമുള്ള നന്ദി അഭയാര്‍ത്ഥികള്‍ രേഖപ്പെടുത്തിയത്.
നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പുറമേ ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയ്ക്കും മറ്റ് നേതാക്കള്‍ക്കും അഭയാര്‍ത്ഥികള്‍ നന്ദി അറിയിച്ചാണ് മടങ്ങിയത്. ഹരിയാനയിലും ഡല്‍ഹിയിലും താമസിക്കുന്ന അഭയാര്‍ത്ഥികളാണ് ബിജെപി ആസ്ഥാനത്ത് എത്തിയത്. കാല്‍നടയായി ജന്ദര്‍ മന്ദിറും കടന്നാണ് ഇവര്‍ എത്തിയതെന്നാണ് വിവരം.
പൗരത്വ ഭേദഗതി നിയമം കഴിഞ്ഞ ഡിസംബറില്‍ നടപ്പാക്കിയതില്‍ നന്ദി അറിയിക്കുന്നതിനായി അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു കൂട്ടം ന്യൂനപക്ഷ അഭയാര്‍ത്ഥികളും ബിജെപി ആസ്ഥാനത്ത് എത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ നദ്ദയെ കാണുകയും നന്ദി അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാകിസ്താനില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളും എത്തിയത്.
പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ അഭയാര്‍ത്ഥികള്‍ക്ക് എത്രയും പെട്ടെന്ന് തന്നെ പൗരത്വം ലഭിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ജെപി നദ്ദ ഉറപ്പുനല്‍കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments