Latest NewsKeralaNewsIndia

ഇങ്ങനെയെല്ലാം ചെയ്താല്‍ രാജ്യത്തെ രൂക്ഷമാകുന്ന മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താം : തോമസ്‌ഐസക്

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ നിര്‍മല സീതാരാമന് പറഞ്ഞു കൊടുക്കുകയാണ് തോമസ് ഐസക്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം എങ്ങനെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടുത്താം എന്നു പറയുന്നത്. മാന്ദ്യം ഉണ്ടാകുമ്പോള്‍ ഡിമാന്റ് കൂട്ടുന്നതിന് സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണം. സാധനങ്ങള്‍ വിറ്റുപോകും; മാന്ദ്യം അകലുമെന്നും എന്താണ് ഇത്തരമൊരു സാഹചര്യത്തില്‍ ചെയ്യേണ്ടത്? കേന്ദ്രധനമന്ത്രി വിലക്കയറ്റത്തിന്റെ പേരുപറഞ്ഞ് കേന്ദ്രബജറ്റില്‍ ചെലവു ചുരുക്കാന്‍ ശ്രമിക്കരുത്. കമ്മി ഉയരാന്‍ അനുവദിക്കണം. കമ്മി ഉയര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കും അനുവാദം നല്‍കണം. ഇങ്ങനെ മാത്രമേ രാജ്യത്തെ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും കരകയറ്റാനാകൂയെന്നും അദ്ദേഹം കുറിച്ചു

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;

ചില്ലറ വിലക്കയറ്റ നിരക്ക് 7.4 ശതമാനത്തില്‍ എത്തിയിരിക്കുന്നു. 2014 ജൂലൈയ്ക്ക് ശേഷം ഏറ്റവും രൂക്ഷമായ വിലവര്‍ദ്ധനവ് ഈ ഡിസംബര്‍ മാസത്തിലാണ്. അതേസമയം ദേശീയ വരുമാന വളര്‍ച്ച താഴേയ്ക്കാണ്. ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തെ മതിപ്പു കണക്ക് ഇനിയും പുറത്തു വിട്ടിട്ടില്ല. ഇത് 5 ശതമാനത്തിനു താഴെയാകാനാണ് സാധ്യത. അങ്ങനെ ഒരു വശത്ത് സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നു. വിലക്കയറ്റം രൂക്ഷമാകുന്നു. ഇത്തരമൊരു സ്ഥിതിവിശേഷത്തെയാണ് സ്റ്റാഗ് ഫ്‌ലേഷന്‍ എന്നുപറയുന്നത്. സ്റ്റാഗിനേഷന്‍ എന്നുപറഞ്ഞാല്‍ മാന്ദ്യം. ഇന്‍ഫ്‌ലേഷന്‍ എന്നുപറഞ്ഞാല്‍ വിലക്കയറ്റം. ഇതു രണ്ടുംകൂടി ഒരുമിച്ചു വരുന്ന സാഹചര്യത്തെ വിശേഷിപ്പിക്കാന്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഉണ്ടാക്കിയ പേരാണ് സ്റ്റാഗ്ഫ്‌ലേഷന്‍. ഈ മാരണങ്ങള്‍ രണ്ടുംകൂടി ഒരുമിച്ചു വന്നാല്‍ സമ്പദ്ഘടന ഊരാക്കുടുക്കിലാകും.

സാധാരണഗതിയില്‍ മാന്ദ്യവും വിലക്കയറ്റവും ഒരുമിച്ചു വരില്ല. മാന്ദ്യം ഉണ്ടാകുമ്പോള്‍ തൊഴിലില്ലായ്മ കൂടും; ജനങ്ങളുടെ വാങ്ങല്‍ കഴിവു കുറയും; സാധാനങ്ങളുടെ ഡിമാന്റ് ഇടിയും; വില കുറയും. അതേസമയം സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂടുമ്പോള്‍ തൊഴിലില്ലായ്മ കുറയും; ജനങ്ങളുടെ വാങ്ങല്‍ കഴിവ് ഉയരും; സാധനങ്ങളുടെ ഡിമാന്റ് വര്‍ദ്ധിക്കും; വില ഉയരും. ഈയൊരു സാഹചര്യത്തില്‍ മാന്ദ്യത്തിനും വിലക്കയറ്റത്തിനും കെയിന്‍സ് ഉപദേശിച്ച പ്രതിവിധി ഇതായിരുന്നു. മാന്ദ്യം ഉണ്ടാകുമ്പോള്‍ ഡിമാന്റ് കൂട്ടുന്നതിന് സര്‍ക്കാര്‍ ചെലവുകള്‍ വര്‍ദ്ധിപ്പിക്കണം. സാധനങ്ങള്‍ വിറ്റുപോകും; മാന്ദ്യം അകലും. വിലക്കയറ്റം ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ചെലവ് കുറയ്ക്കണം; അപ്പോള്‍ ഡിമാന്റ് കുറയും; വിലക്കയറ്റം താഴും. ഇതാണ് കെയിന്‍സിന്റെ പ്രസിദ്ധമായ ചാക്രിക വിരുദ്ധ നയം (Contra-cyclical policy).

എന്നാല്‍ മാന്ദ്യവും വിലക്കയറ്റവുംകൂടി ഒരുമിച്ചു വന്നാലോ? പ്രശ്‌നം വളരെ സങ്കീര്‍ണ്ണമാകും. മാന്ദ്യമകറ്റാന്‍ ചെലവു വര്‍ദ്ധിപ്പിച്ചാല്‍ അത് വിലക്കയറ്റത്തിന് ആക്കംകൂട്ടും. വിലക്കയറ്റം നിയന്ത്രിക്കാന്‍ ചെലവു കുറച്ചാലോ? മാന്ദ്യം രൂക്ഷമാകും. മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റത്തിന് വിഷമാണ്. ഇതാണ് ഊരാക്കുടുക്ക്.

ഉദാഹരണത്തിന് മാന്ദ്യമകറ്റാന്‍ സര്‍ക്കാര്‍ ചെലവ് വര്‍ദ്ധിപ്പിക്കുന്ന നയം ഇന്ത്യാ സര്‍ക്കാര്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണ്. ഈ നയം പരക്കെ വിമര്‍ശനത്തിന് പാത്രമായിട്ടുണ്ട്. അങ്ങനെ മാന്ദ്യവിരുദ്ധ ധനനയം സ്വീകരിക്കുന്നില്ലെങ്കിലും പണനയത്തില്‍ (Monetary policy) മാന്ദ്യത്തില്‍ നിന്നും കരകയറുന്നതിനുവേണ്ടിയുള്ള നയസമീപനം കഴിഞ്ഞ ഒരു വര്‍ഷമായി സ്വീകരിച്ചുവരികയാണ്. 2019ല്‍ നാല് പ്രാവശ്യം റിസര്‍വ്വ് ബാങ്ക് പലിശ നിരക്ക് താഴ്ത്തി. ഇപ്പോള്‍ റിസര്‍വ്വ് ബാങ്ക് വായ്പ നല്‍കുന്ന പലിശ നിരക്ക് (Repo-rate) 5.4 ശതമാനമാണ്. പലിശ നിരക്ക് താഴുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ വായ്പയെടുത്ത് മുതല്‍ മുടക്കും. അത് സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കും. അതേസമയം വിലക്കയറ്റം കൂടുമ്പോള്‍ പലിശനിരക്ക് ഉയര്‍ത്തണം. ഇതാണ് ചാക്രികവിരുദ്ധ പണനയം.

മാന്ദ്യം രൂക്ഷമാവുകയാണ്. എന്നാല്‍ രണ്ടുമാസം മുമ്പു ചേര്‍ന്ന റിസര്‍വ്വ് ബാങ്കിന്റെ പണനയകമ്മിറ്റി വിലക്കയറ്റത്തിന്റെ പേടിമൂലം പലിശ നിരക്ക് വീണ്ടും വെട്ടിക്കുറയ്ക്കാന്‍ തയ്യാറായില്ല. അടുത്തുതന്നെ കമ്മിറ്റി വീണ്ടും യോഗംചേരും. ഇപ്രാവശ്യവും പലിശ നിരക്ക് കുറയ്ക്കില്ല. കാരണം, പലിശ നിരക്ക് കുറയ്ക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുമെങ്കിലും വിലക്കയറ്റത്തെ രൂക്ഷമാക്കും. വീണ്ടും ഇവിടെ മാന്ദ്യത്തിനുള്ള മരുന്ന് വിലക്കയറ്റത്തിന് വിഷമാവുകയാണ്. ഈ സ്ഥിതിവിശേഷം ഒരു നയമരവിപ്പ് സൃഷ്ടിച്ചിരിക്കുകയാണ്.

എന്താണ് ഇത്തരമൊരു സാഹചര്യത്തില്‍ ചെയ്യേണ്ടത്? കേന്ദ്രധനമന്ത്രി വിലക്കയറ്റത്തിന്റെ പേരുപറഞ്ഞ് കേന്ദ്രബജറ്റില്‍ ചെലവു ചുരുക്കാന്‍ ശ്രമിക്കരുത്. കമ്മി ഉയരാന്‍ അനുവദിക്കണം. കമ്മി ഉയര്‍ത്താന്‍ സംസ്ഥാനങ്ങള്‍ക്കും അനുവാദം നല്‍കണം. ഇങ്ങനെ മാത്രമേ രാജ്യത്തെ സാമ്പത്തികമാന്ദ്യത്തില്‍ നിന്നും കരകയറ്റാനാകൂ.

അപ്പോള്‍ വിലക്കയറ്റത്തെ തടയാന്‍ എന്തു വഴി? അതിനു മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇപ്പോഴത്തെ വിലക്കയറ്റ സൂചിക വര്‍ദ്ധനയുടെ പ്രധാന കാരണം ഭക്ഷ്യസാധനങ്ങളുടെ വിലയിലുണ്ടായ കുതിപ്പാണ്. 14.1 ശതമാനമാണ് ഭക്ഷ്യവിലക്കയറ്റം. അതുകൊണ്ട് കമ്പോള ഇടപെടലിലൂടെ ഭക്ഷ്യസാധനങ്ങളുടെ വില കുറയ്ക്കുകയാണ് ചെയ്യേണ്ടത്. വിദേശനാണയത്തിന്റെ വലിയ ശേഖരമുണ്ടെന്നല്ലേ വീമ്പു പറയുന്നത്. അവ കൂടുതല്‍ ഇറക്കുമതി ചെയ്യുക. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക. വില താഴും.

മറ്റൊന്നുകൂടി ചെയ്യേണ്ടതുണ്ട്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുക. ഇറാന്‍ പ്രതിസന്ധിമൂലം ക്രൂഡ് ഓയില്‍ വില കുതിക്കുകയാണ്. ബിജെപി ഭരണകാലത്ത് അന്തര്‍ദേശീയമായി ക്രൂഡ് ഓയില്‍ വില താഴുകയായിരുന്നു. ഇതിന്റെ നേട്ടം ജനങ്ങള്‍ക്കു കൊടുക്കാതെ നികുതി വര്‍ദ്ധിപ്പിച്ച് 5-6 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ കീശയിലാക്കി. ചില്ലറ വില്‍പ്പന വില താഴാന്‍ അനുവദിച്ചില്ല. എന്നാല്‍ ഇപ്പോള്‍ ക്രൂഡ് ഓയില്‍ വില ഉയരുകയാണ്. തങ്ങള്‍ വര്‍ദ്ധിപ്പിച്ച നികുതി കുറച്ച് പെട്രോളിയം ചില്ലറ വില പിടിച്ചു നിര്‍ത്തുന്നതിനു പകരം അവ വീണ്ടും ഉയരാന്‍ അനുവദിക്കുകയാണ്. ഈ നയവും തിരുത്തണം. എങ്കില്‍ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനാകൂ.

മേല്‍പ്പറഞ്ഞ വിലക്കയറ്റ വിരുദ്ധനയം സ്വീകരിക്കുകയാണെങ്കില്‍ വിലക്കയറ്റത്തെ പേടിക്കാതെ കമ്മി ഉയര്‍ത്തി രാജ്യത്തെ രൂക്ഷമാകുന്ന മാന്ദ്യത്തില്‍ നിന്നും രക്ഷപ്പെടുത്താം. രാജ്യം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന ഊരാക്കുടുക്ക് അഴിക്കാം. എന്നാല്‍ ഇത്തരമൊരു നയം സ്വീകരിക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തയ്യാറാകില്ലെന്നാണ് സൂചനകള്‍.

കേന്ദ്രധനമന്ത്രി പിന്തുടരുന്നത് സപ്ലൈ സൈഡ് ഇക്കണോമിക്‌സാണ്. ഡിമാന്റിന്റെ ഇടിവാണ് മാന്ദ്യത്തിനു കാരണമെന്ന് അവര്‍ വിശ്വസിക്കുന്നില്ല. ഡിമാന്റ് കൃത്രിമമായ ഉത്തേജിപ്പിച്ചാല്‍ അത് വിലക്കയറ്റത്തിന് ഇടയാക്കും; പലിശ നിരക്ക് ഉയരും എന്നാണ് അവരുടെ ഭയം. അതുകൊണ്ട് സപ്ലൈ സൈഡില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കു തടസ്സം നില്‍ക്കുന്ന കാര്യങ്ങള്‍ നീക്കം ചെയ്യുന്നതിനാണ് അവര്‍ ഊന്നല്‍ നല്‍കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ് നല്‍കുക; പരിഷ്‌കാരങ്ങള്‍ക്ക് ആക്കംകൂട്ടുക; പൊതുമേഖല വിറ്റ് വിഭവസമാഹരണം നടത്തുക തുടങ്ങിയവയാണ് അവര്‍ അനുവര്‍ത്തിക്കുന്ന നയങ്ങള്‍. ഈ ജനവിരുദ്ധ നയങ്ങളെ തുറന്നു കാണിക്കുകയും ചെറുത്തു തോല്‍പ്പിക്കുകയും ചെയ്തുകൊണ്ടു മാത്രമേ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button