ചേരാനെല്ലൂർ : എറണാകുളം ചേരാനെല്ലൂരിൽ ഉറക്കിക്കിടത്തിയ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി 20 മിനിറ്റിനു ശേഷം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. സംശയിച്ചത് പോലെ കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവരോ നാടോടികളോ അല്ല പ്രതി. കുഞ്ഞിന്റെ സ്വന്തം മാതാവ് തന്നെയാണ് പ്രതി. ഭർത്താവുമായി ഉണ്ടായ വഴക്കാണ് കുഞ്ഞിനെ കാണാതായെന്ന് പറയാനുള്ള കാരണമെന്ന് സജിത പറഞ്ഞു. ജെയിംസ് – സജിത ദമ്പതികളുടെ കുഞ്ഞിനെയാണ് കാണാതായത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30ന് ശേഷമായിരുന്നു സംഭവം. ബസ് ജീവനക്കാരനായ ജയിംസ് ഉച്ചയ്ക്ക് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചു മടങ്ങി. തുടർന്നു കുഞ്ഞിനെ മുറിയിൽ കിടത്തി ജിത ശുചിമുറിയിൽ പോയി വന്നപ്പോൾ കാണാതാവുകയായിരുന്നു. വീടു മുഴുവൻ തിരഞ്ഞിട്ടും കുഞ്ഞിനെ കാണാതെ വന്നതോടെ ബഹളം വച്ച് നാട്ടുകാരെ കൂട്ടുകയായിരുന്നെന്ന് സജിത പറയുന്നു.
കുഞ്ഞിനെ കാണാതായെന്ന് പറഞ്ഞ് പൊലീസുകാരെയും വിളിച്ചു വരുത്തി. തിരച്ചിലിനൊടുവിൽ ഏതാനും മീറ്ററുകൾ അകലെ കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ അന്നു തന്നെ ഡിസ്ചാർജ് ചെയ്തു. കുഞ്ഞിനെ ആരെങ്കിലും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച് പരാജയപ്പെട്ടപ്പോൾ ഉപേക്ഷിച്ചതാണോ എന്നായിരുന്നു നാട്ടുകാരും പൊലീസും സംശയിച്ചത്.
എന്നാൽ വീട്ടുകാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ജെയിംസിനെയും ജിതയെയും വിശദമായി ചോദ്യം ചെയ്തു. ഈ സമയം ഇവർ പൊലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. ഭർത്താവുമായി തർക്കമുണ്ടായതിനെ തുടർന്ന് പെട്ടെന്ന് തോന്നിയ ദേഷ്യത്തിൽ ചെയ്തതായിരുന്നു എന്നാണ് ഇവർ പൊലീസിനോടു പറഞ്ഞത്. അതേസമയം സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതിനാൽ ഇരുവരെയും ചോദ്യം ചെയ്തു വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
Post Your Comments