ന്യൂഡൽഹി: ഇനി ഫാസ്ടാഗ് ബാലൻസ് അറിയാനും നിമിഷ നേരം കൊണ്ട് സാധിക്കും.ദേശീയ പാത അതോറിറ്റിയുടെ പ്രീ പെയ്ഡ് വാലറ്റിലൂടെ ഫാസ്ടാഗ് റജിസ്റ്റർ ചെയ്തവർക്ക് ബാലൻസ് അറിയാൻ 88843 33331 എന്ന മൊബൈൽ നമ്പർ സജ്ജമാക്കി. ഈ നമ്പറിൽ മിസ്ഡ് കോൾ നൽകിയാൽ ബാലൻസ് അറിയാം. മറ്റു ബാങ്കുകളുടെ വാലറ്റിലൂടെ റജിസ്റ്റർ ചെയ്തവർക്ക് തൽക്കാലം ഈ സൗകര്യം ലഭിക്കില്ല.
അതേസമയം, ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കു പരിഗണിച്ച് കുമ്പളം, പാലിയേക്കര ടോൾപ്ലാസകൾ ഉൾപ്പെടെ രാജ്യത്തെ 65 ടോൾ പ്ലാസകളിൽ പണം സ്വീകരിക്കുന്ന കൂടുതൽ ലെയ്നുകൾ താൽക്കാലികമായി ഏർപ്പെടുത്താൻ കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശിച്ചു. 30 ദിവസത്തേക്കായിരിക്കും ഈ ഇളവ്. ആകെ ലെയ്നുകളുടെ 25% പണം സ്വീകരിക്കുന്നവയായി മാറ്റാനാണ് അനുവാദം.
ഈ 2 ടോൾപ്ലാസകളാണ് ദേശീയ പാത അതോറ്റിക്കു കീഴിൽ കേരളത്തിലുള്ളത്. ഫാസ്ടാഗ് നിർബന്ധമാക്കിയതിനാൽ ടോൾ പ്ലാസകളിൽ ഇരുവശത്തേക്കും ഓരോ ലെയ്നിൽ മാത്രമാണ് പണം നൽകുന്ന വാഹനങ്ങൾ അനുവദിച്ചിരുന്നത്. ഫാസ്ടാഗ് ലെയ്നിൽ ഇരട്ടിത്തുക ടോൾ നൽകണം. രാജ്യത്ത് ഏറ്റവുമധികം പണം നൽകുന്നു എന്ന കണ്ടെത്തിയ 65 ടോൾപ്ലാസകളിലാണ് ഇപ്പോൾ ഇളവു നൽകിയിരിക്കുന്നത്.
വാഹനങ്ങളിൽ ഒട്ടിക്കുന്ന ഒരു റേഡിയോ ഫ്രീക്വന്‌സി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണിത്. വിൻഡ് സ്‌ക്രീനിൽ ഫാസ്ടാഗ് ഒട്ടിച്ച വാഹനം ടോൾ പ്ലാസയിലൂടെ കടന്നു പോകുമ്പോൾ തനിയെ ടോൾ ശേഖരിക്കപ്പെടുന്നു. വാഹനം നിർത്തി ടോൾ കൊടുക്കേണ്ട ആവശ്യമില്ല. ടോൾ പ്ലാസയിലെ സംവിധാനം ഇലക്ട്രോമാഗ്‌നെറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് വണ്ടിയുടെ വിവരവും, പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പൈസയും എടുക്കുന്നു. എല്ലാ ടോൾ പ്ലാസകളിൽ നിന്നും 23 ബാങ്കുകളിൽ നിന്നും ഫാസ്ടാഗുകൾ ലഭിക്കും.
ALSO READ: സംസ്ഥാനത്തെ മൂന്നിടങ്ങളില്‍ ദേശീയപാതയില്‍ ടോള്‍ പിരിവ് ഒഴിവാക്കി
ഫാസ്ടാഗ് സ്വന്തമാക്കാൻ വാഹനവുമായി ടോൾ പ്ലാസയിൽ എത്തണം. ആർസി ബുക്ക്, വിലാസം തെളിയിക്കുന്ന ആധാർ കാർഡ്/വോട്ടർ ഐഡി എന്നിവ വേണം. ടോൾ പ്ലാസയിലെത്തിയാൽ വിതരണക്കാർ നേരിട്ട് വാഹനത്തിൽ ഒട്ടിച്ച് തരും. ഇത് പഴയ വാഹനത്തിന്റെ കാര്യം. പുതിയ വാഹനത്തിന് വിതരണക്കാർ തന്നെ ടാഗ് നൽകുന്നതായിരിക്കും.
Post Your Comments