അച്ചാറുകുപ്പികളും പഴവര്‍ഗ്ഗങ്ങളും പച്ചക്കറിയുമൊക്കെയാണ് ഫ്രിഡ്ജിലെ സ്ഥിരം സ്ഥാനക്കാര്‍. എന്നാല്‍ അച്ചാറ് ഫ്രിഡ്ജില്‍ കേറ്റുന്നതുവഴി പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നതാണ് വാസ്തവം. ധാരാളം ഉപ്പും വിനാഗിരിയുമൊക്കെ ഉപയോഗിച്ച് ഉണ്ടാക്കുന്നതായതിനാല്‍ അച്ചാറുകള്‍ പുറത്ത് സൂക്ഷിച്ചാലും യാതൊരു കേടു സംഭവിക്കില്ല. ആപ്പിളും പഴവും ഷമാമും തണ്ണിമത്തനുമൊക്കെ ഫ്രിഡ്ജിലെ അതിഥികളല്ല. തണ്ണിമത്തനും ഷമാമും മുറിച്ചുകഴിഞ്ഞാല്‍ മാത്രമാണ് ഫ്രിഡ്ജില്‍ വയ്ക്കേണ്ടത്. അല്ലെങ്കില്‍ പഴങ്ങളിലെ നീര് നഷ്ടപ്പെടാതിരിക്കാന്‍ അവ പുറത്ത് വയ്ക്കുന്നതാണ് അഭികാമ്യം. വെള്ളരിക്ക ഫ്രിഡ്ജില്‍ വച്ചാലും അവയിലെ ജലാംശം നഷ്ടപ്പെടുമെന്നല്ലാതെ വേറെ ഗുണങ്ങളൊന്നും ഉണ്ടാകില്ല. ക്യാപ്സിക്കം ഫ്രിഡ്ജില്‍ വച്ചാല്‍ അവയുടെ ക്രഞ്ചി സ്വഭാവം നഷ്ടപ്പെടും. മുറിച്ചതിനുശേഷം ബാക്കിവന്ന ഭാഗം സൂക്ഷിക്കണമെങ്കില്‍ മാത്രം ഇവയെ ഫ്രിഡ്ജില്‍ കേറ്റാം.
വഴുതനങ്ങയും തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം ഫ്രിഡ്ജിനുപുറത്തെ താരങ്ങളാണ്. വഴുതനങ്ങ ഫ്രിഡ്ജില്‍ വയ്ക്കുന്തോറും അവയുടെ യഥാര്‍ഥ സ്വാദ് നഷ്ടമാകും. അതുകൊണ്ട് ഇവ വാങ്ങിയാല്‍ അധികം കാത്തുനില്‍ക്കാതെ പാകം ചെയ്തു കഴിക്കുന്നതാണ് ബുദ്ധിപരം. ഉരുളക്കിഴങ്ങാണെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്തോറും അവയുടെ മധുരം കൂടിവരും. പിന്നീട് പാകം ചെയ്യുമ്‌ബോള്‍ കറി മധുരിക്കും. ഇവ പേപ്പര്‍ ബാഗുകളിലാക്കി പുറത്തുതന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഫ്രിഡ്ജിലെ മറ്റൊരു സ്ഥിരം അതിഥിയാണ് തക്കാളി. എന്നാല്‍ ഫ്രിഡ്ജില്‍ ഒരിക്കലും വയ്ക്കാന്‍ പാടില്ലാത്ത ഒന്നാണ് തക്കാളി എന്നതാണ് സത്യം. തക്കാളിയുടെ ക്രിസ്പി സ്വഭാവവും സ്വാഭാവിക രുചിയും നഷ്ടപ്പെടുത്താന്‍ മാത്രമേ ഇത് ഉപകരിക്കൂ.
ഫ്രിഡ്ജില്‍ പുതിയതായി കണ്ടുവരുന്ന മറ്റൊരു അംഗമാണ് വെളുത്തുള്ളി. എന്നാലിവ ഫ്രിഡ്ജിനകത്തെ താരമല്ല. വെളുത്തുള്ളി ഭക്ഷണത്തിലുപയോഗിക്കുന്നതിന്റെ ഗുണം കിട്ടണമെങ്കില്‍ ഇവ ഫ്രിഡ്ജില്‍ വയ്ക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കുന്തോറും വെളുത്തുള്ളിയുടെ സ്വാദും മണവും നഷ്ടപ്പെടും.
വീട്ടിലെ ഫ്രിഡ്ജൊന്ന് തുറന്ന് നോക്കിക്കെ… കാപ്പിപ്പൊടി, പീനട്ട് ബട്ടര്‍, കെച്ചപ്പ്, സോസ്, ചോക്ലേറ്റ് സ്പ്രെഡ്, ബ്രെഡ് എന്നുവേണ്ട നീണ്ട നിരതന്നെയുണ്ടാകും. ഇതിനെയൊക്കെ ഒട്ടും പേടിക്കാതെ പുറത്തുചാടിക്കാം. കാപ്പിപൊടി കട്ടപിടിക്കാതിരിക്കാന്‍ ഫ്രിഡ്ജില്‍ കേറ്റിയതാണെങ്കില്‍ ഒരു എയര്‍ടൈറ്റ് കണ്ടെയ്നര്‍ ഉണ്ടെങ്കില്‍ തീരുന്ന പ്രശ്നമാണിത്. പീനട്ട് ബട്ടര്‍ എക്സ്പൈറി കഴിയുന്നത് വരെ പുറത്ത് സൂക്ഷിച്ചാലും കേടാകില്ലെന്നത് ഗ്യാരണ്ടി.
Post Your Comments