ന്യൂഡല്‍ഹി: അഞ്ച് മാസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്ത് നിലവിലുള്ള മുഴുവന്‍ നിയന്ത്രണങ്ങളും ഒരാഴ്ച്ചക്കകം പുനസ്ഥാപിക്കണമെന്ന് കഴിഞ്ഞ ആഴ്ച ഇതു സംബന്ധിച്ച ഹരജി പരിഗണിക്കവേ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കുന്നത്. എന്നാല്‍ സാമൂഹിക മാധ്യങ്ങള്‍ക്കുള്ള വിലക്ക് തുടരും.
ആശുപത്രികള്‍, ബാങ്കുകള്‍ എന്നിവടങ്ങളില്‍ ബ്രോഡ്ബാന്റ് സ്ഥാപിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം ആദ്യം എസ്എംഎസ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചിരുന്നു. സുരക്ഷയ്‌ക്കൊപ്പം ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ശ്രീനഗര്‍ ഉള്‍പ്പെടുന്ന മധ്യ കശ്മീരിലാണ് ആദ്യം സ്ഥാപനങ്ങള്‍ക്കുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ഭാഗികമായി പുനസ്ഥാപിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം വടക്കന്‍ കശ്മീര്‍ (കുപ്വാര, ബന്ദിപോര, ബാരാമുള്ള) എന്നിവിടങ്ങളിലും അവസാനമായി ദക്ഷിണ കശ്മീര്‍ (പുല്‍വാമ, കുല്‍ഗാം, ഷോപിയാന്‍, അനന്ത്നാഗ്) എന്നിവിടങ്ങളിലും സ്ഥാപനങ്ങള്‍ക്കുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പുനസ്ഥാപിക്കും.
ഇന്റര്‍നെറ്റ് അവകാശം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
Post Your Comments