മലപ്പുറം: പ്രളയം കലി തുള്ളി നാട് തകർത്തപ്പോഴും ആ നാട്ടിലെ ജനങ്ങളുടെ നന്മ മരിച്ചില്ല. ആ നാടിൻറെ പേരാണ് മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട്. ഒരു കുടുംബത്തിലെ വൃക്ക രോഗബാധിതരായ മൂന്നു സഹോദരങ്ങള്‍ക്ക് ഈ നാട് ഒന്നിച്ചതോടെ സമാഹരിക്കാൻ കഴിഞ്ഞത് 1.59 കോടി രൂപ. കഴിഞ്ഞവര്‍ഷം പ്രളയത്തില്‍ തകര്‍ന്ന കരുവാരക്കുണ്ടില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നുമാണ് സഹോദരങ്ങളായ മൂന്നുപേര്‍ക്കുവേണ്ടി ഇത്രയും തുക സമാഹരിച്ചത്.
ഒരു കുടുംബത്തിലെ ആറുമക്കളില്‍ മൂന്നുപേര്‍ക്ക് രോഗം ബാധിച്ചതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന മാതാവ് മറിയുമ്മയ്ക്കും കുടുംബത്തിനും വഴികാട്ടിയായത് കരുവാരക്കുണ്ടിലെയും സമീപപ്രദേശങ്ങളിലെയും സുമനസ്സുകള്‍ തന്നെയാണ്.
തുരുമ്പോടയിലെ പരേതനായ നെച്ചിക്കാടന്‍ മുഹമ്മദിന്റെ മക്കളായ കുഞ്ഞലവി, അബ്ദുല്‍ബഷീര്‍, മിര്‍ഷാദ് എന്നിവര്‍ക്കാണ് വൃക്കരോഗം പിടിപെട്ടത്. പിതാവ് മുഹമ്മദ് ഇതേ രോഗം ബാധിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചിരുന്നു.
വിട്ടുമാറത്ത വയറുവേദനയും ഛര്‍ദ്ദിയും കാരണം നടത്തിയ പരിശോധനയിലാണ് ഇളയമകനായ കുഞ്ഞലവിക്ക് (34) രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് അഞ്ചുവര്‍ഷങ്ങളിലായി സഹോദരങ്ങളായ അബ്ദുല്‍ബഷീര്‍ (40), മിര്‍ഷാദ് (38) എന്നിവര്‍ക്കും രോഗം പിടിപെട്ടു. നിത്യച്ചെലവിനുപോലും ഗതിയില്ലാത്ത ഈ കുടുംബത്തിന് മൂന്നുപേരുടെയും ഡയാലിസിസ് ചികിത്സ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു.
നാട്ടിലെ ജനങ്ങൾ കമ്മിറ്റി രൂപവത്കരിച്ച് രണ്ടുമാസം കൊണ്ടാണ് 1.59 കോടി രൂപ സമാഹരിക്കാനായത്. രോഗം ബാധിച്ച ബഷീറിന്റെ വൃക്ക മാറ്റിവെക്കല്‍ ചികിത്സ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഇതിനിടെ മിര്‍ഷാദിന് ഹൃദ്രോഗമുണ്ടെന്ന് മനസ്സിലായി. തുടര്‍ന്ന് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ പൂര്‍ത്തികരിച്ചിട്ടുണ്ട്. ഇത് ഭേദമായാലേ ഇനി വൃക്കമാറ്റിവെക്കല്‍ നടത്താനാകൂ. കുഞ്ഞലവിയുടെ ശസ്ത്രക്രിയ അടുത്തമാസം നടത്തും.
Post Your Comments