ഫ്ലോറിഡ: തീവ്രവാദ ബന്ധം ആരോപിച്ച് സൗദി പട്ടാളക്കാരെ അമേരിക്ക പുറത്താക്കി. 21 സൗദി പട്ടാളക്കാരെയാണ് അമേരിക്ക പുറത്താക്കിയത്. കഴിഞ്ഞ മാസം ഫ്ലോറിഡയിലെ പെന്‍സകോല നാവിക കേന്ദ്രത്തില്‍ സൗദി സൈനികന്‍ വെടിവെപ്പ് നടത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് യുഎസിന്‍റെ നടപടി. യുഎസില്‍ പരിശീലനത്തിനെത്തിയ സൗദി അറേബ്യന്‍ സൈനികരെയാണ് പുറത്താക്കിയത്.
21 വയസ്സുകാരനായ സൗദി സൈനികന്‍ ഫ്ലോറിഡയിലെ സൈനിക പരിശീലന കേന്ദ്രത്തില്‍ നടത്തിയ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷം സൗദി സൈനികര്‍ക്കുള്ള പരിശീലനം യുഎസ് താത്കാലിമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഈ സൈനികന് തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു.
എന്നാൽ, ഇപ്പോള്‍ പുറത്താക്കപ്പെട്ടവര്‍ ആക്രമണം നടത്തിയ സൈനികന് സഹായം നല്‍കിയതായി വ്യക്തമായിട്ടില്ല. എന്നാല്‍ ഇവര‍്ക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ വില്യം ബാര്‍ പറഞ്ഞു. വെടിവെപ്പ് നടത്തിയ സൈനികന്‍റെ രണ്ട് ഐഫോണുകള്‍ തുറക്കാനായി ആപ്പിളിന്‍റെ സഹായം തേടിയിട്ടുണ്ടെന്ന് ബാര്‍ പറഞ്ഞു. അക്രമം നടത്തിയ സൈനികന്‍ പോലീസിന്‍റെ വെടിയേറ്റ് മരിച്ചിരുന്നു.
അക്രമി വെടിയുതിര്‍ത്ത് ഫോണ്‍ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ വീണ്ടെടുക്കാനായി. ആപ്പിളിന്‍റെ സഹായത്തോടെ ഫോണില്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ബാര്‍ പറഞ്ഞു.
ഡിസംബര്‍ അവസാനമാണ് പെന്‍സകോള നാവിക കേന്ദ്രത്തില്‍ സെക്കന്‍റ് ലെഫ്റ്റനന്‍റ് മുഹമ്മദ് സയീദ് അല്‍ഷമ്രാനി എന്ന സൗദി സൈനികന്‍ വെടിവെപ്പ് നടത്തിയത്. മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.
സംഭവം നടന്ന ഉടനെ തന്നെ തീവ്രവാദി ആക്രമണമാണെന്നും സൗദി സൈനികര്‍ക്ക് പരിശീലനം നല്‍കുന്നത് നിര്‍ത്തണമെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രംപ് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും സൗദിയെ പിന്തുണയ്ക്കുന്ന നിലപാടാണെടുത്തത്.
Post Your Comments