Latest NewsNewsIndia

പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്തു; ഭീകരവാദികൾക്ക് അഭയം നല്‍കിയത് സ്വന്തം വീട്ടിൽ; പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു

ശ്രീനഗർ: പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുത്ത പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗിന്റെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു. ഇയാളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ജമ്മു കാശ്മീരിൽ തീവ്രവാദികൾക്കൊപ്പമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ ദവീന്ദർ സിംഗ് പിടിയിലായത്.

കേസിൽ അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസം ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ദവീന്ദർ സിംഗിനൊപ്പം അറസ്റ്റിലായവർ ഉൾപ്പെടെ മൂന്ന് തീവ്രവദികൾക്ക് ഇയാൾ ആർമി ഹെഡ്ക്വാർട്ടേഴ്സിന് സമീപമുള്ള സ്വന്തം വീട്ടിൽ തന്നെ അഭയം നൽകിയിരുന്നതായും ഇതിനിടെ കണ്ടെത്തിയിട്ടുണ്ട്. അഭിഭാഷകനായ ഇര്‍ഫാൻ എന്നയാളാണ് ഇവരെ ദവീന്ദറിന്റെ വീട്ടിലെത്തിച്ചതെന്നും. ഇയാൾ തീവ്രവാദ സംഘങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

ശ്രീനഗർ എയർപോർട്ടിലെ ആന്റി ഹൈജാക്കിംഗ് സ്ക്വാഡ് ഡിവൈഎസ്പി ആയിരുന്ന ദവീന്ദ‍ർ, ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത നേതാവ് നവീദ് ബാബ, ഇർഫാൻ എന്നിവർക്കൊപ്പം ഒരു യാത്രാമധ്യേയാണ് പൊലീസ് പിടിയിലാകുന്നത്. തുടർന്ന് ദവീന്ദറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കൈത്തോക്കുകൾ ഉൾപ്പെടെ ആയുധ ശേഖരവും കണ്ടെത്തിയിരുന്നു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ദവീന്ദർ സിംഗ് രണ്ട് ദിവസം മുൻപാണ് തീവ്രവാദികളെ കശ്മീര്‍ വിടാൻ സഹായിക്കുന്നതിനിടെ അവർക്കൊപ്പം പിടിയിലായത്.

അതേസമയം, രണ്ട് ദിവസമായി അന്വേഷണ സംഘം ദവീന്ദറിനെ ചോദ്യം ചെയ്തു വരികയാണ്. കീഴടങ്ങാനെത്തിയ ഭീകരർക്കൊപ്പമാണ് താനെത്തിയതും ഇവരെ ഉപയോഗപ്പെടുത്തി ഉന്നത തീവ്രവാദ നേതാക്കളിലേക്കെത്താനുള്ള ശ്രമങ്ങളിലായിരുന്നുവെന്നുമൊക്കെയുള്ള വാദങ്ങൾ തുടക്കത്തിൽ ദവീന്ദര്‍ നിരത്തിയെങ്കിലും അതൊന്നും അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.

ALSO READ: സുലൈമാനി വധം കിമ്മിന് ഞെട്ടലുണ്ടാക്കിയോ? ഡോണൾഡ് ട്രംപ് ഉത്തര കൊറിയയ്ക്ക് നൽകിയത് ഒരു സന്ദേശം; വിശദാംശങ്ങൾ ഇങ്ങനെ

ഇതിനു മുമ്പും ദവീന്ദർ സിംഗ് വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്. നേരത്തെ പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു അഭിഭാഷകന് അയച്ച കത്തിൽ തന്നെ കുടുക്കിയത് ദവീന്ദർ സിംഗാണെന്ന് പറഞ്ഞിരുന്നു. കേസിലെ പ്രതികളിലൊരാൾക്ക് സഹായം ചെയ്യാനും അയാൾക്ക് ഡൽഹിയിൽ താമസ സൗകര്യം ഒരുക്കി നൽകാനും നിര്‍ബന്ധിച്ചത് ദവീന്ദർ ആണെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

ഇപ്പോൾ ഭീകരവാദികൾക്കൊപ്പം ദവീന്ദർ സിംഗ് പിടിയിലായ സാഹചര്യത്തിൽ അഫ്സൽ ഗുരുവിന്റെ ആ കത്തും വീണ്ടും ചർച്ചയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button