സന്നിധാനം: ശബരിമല തീർത്ഥാടനത്തിൽ വളരെ പ്രാധാന്യമുള്ള ദിവസമായ മകരവിളക്ക് നാളെ. തിരുവാഭരണം ചാർത്തിയ ശബരീശന്റെ ദീപാരാധന വേളയിൽ പ്രകൃതി ഒരുക്കുന്ന ദീപക്കാഴ്ചയാണ് മകര നക്ഷത്രം. മകരസംക്രമ സന്ധ്യയിൽ ദേവഗണങ്ങൾ അർപ്പിക്കുന്ന ദീപമാണു കിഴക്കൻ ചക്രവാളത്തിൽ നക്ഷത്രമായി ഉദിക്കുന്നതെന്നാണു വിശ്വാസം.
സൂര്യൻ നാളെ പുലർച്ചെ 2.09 നു ധനുരാശിയിൽ നിന്നു മകരം രാശിയിലേക്കു മാറുന്നതാണു മകര സംക്രമം. ഈ സമയത്ത് മകര സംക്രമ പൂജയും അഭിഷേകവുമാണ് ശബരിമലയിലെ പ്രധാന ചടങ്ങ്. വൈകുന്നേരം 6.30 ന് അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഇതേ സമയം പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും. അവിടെ ഉയരുന്ന കർപ്പൂര ജ്യോതിയും കണ്ടു തൊഴുതേ ഭക്തർ മലയിറങ്ങു.
ഭക്തരുടെ അനിയന്ത്രിത തിരക്കാണ് മകര ജ്യോതി ദർശനത്തിലെ പ്രധാന വെല്ലുവിളി. മകരവിളക്കു കാണാൻ സന്നിധാനവും പമ്പയും പരിസര പ്രദേശങ്ങളും ഒരുങ്ങി. കോടമഞ്ഞു കാഴ്ച മറയ്ക്കുന്നത് മറ്റൊരു പ്രശ്നം. കാലാവസ്ഥ അനുകൂലമായാൽ സന്നിധാനത്തു മാത്രമല്ല, പരിസര പ്രദേശങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽനിന്നും മകര ജ്യോതി ദർശിക്കാം.
Post Your Comments