തിരുവനന്തപുരം: തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. എസ്എസ്‌ഐ വൈ.വില്‍സനെ വെടിവച്ച തൗഫിഖ്, അബ്ദുള്‍ സലീം എന്നിവരാണ് അറസ്റ്റിലായത്. കര്‍ണാടകത്തിലെ ഉടുപ്പി റെയില്‍വ സ്റ്റേഷനില്‍ നിന്നാണിവര്‍ അറസ്റ്റിലായത്. തമിഴ്‌നാട് ക്യൂബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്.
മുഖ്യപ്രതികള്‍ക്ക് തോക്ക് എത്തിച്ച് നല്‍കിയ ഇജാസ് പാഷയെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന് പ്രതികളിലേക്ക് എത്താനായത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലും തമിഴ്‍നാട്ടിലും പ്രതികള്‍ക്കായി പൊലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നു.
നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗില്‍ പ്രതികള്‍ പ്രവര്‍ത്തിച്ചതിന്‍റെ രേഖകള്‍ തമിഴ്നാട് ക്യു ബ്രാഞ്ചിന് ലഭിച്ചിരുന്നു. പ്രതികളെ ക്യൂ ബ്രാഞ്ച് ഉടന്‍ തന്നെ തമിഴ്‍നാട്ടിലേക്ക് കൊണ്ടുവന്നേക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്‌ഐ വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍വച്ച് വെടിവച്ചുകൊന്നത്. അതിര്‍ത്തിയിലെ ചെക് പോസ്റ്റില്‍ ഡ്യൂട്ടിക്ക് നില്‍ക്കുകയായിരുന്നു വില്‍സണ്‍. റോഡിലൂടെ നടന്നുവന്ന സംഘം വെടിയുതിര്‍ക്കുകയായിരുന്നു. നാല് തവണ വെടിയുതിര്‍ത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ അക്രമികള്‍ ഓടി രക്ഷപെടുകയും ചെയ്തു. വില്‍സണെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.
Post Your Comments