ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ രാജിയിൽ പ്രതികരണവുമായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കർണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പയെന്ന് അദ്ദേഹം പറഞ്ഞു. യെദ്യൂരപ്പ രാജിവെച്ചത് കൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ല. അഴിമതിക്കാരനായ യെദ്യൂരപ്പയ്ക്ക് പകരം അഴിതിക്കാരനായ മറ്റൊരാൾ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
ബി.ജെ.പി ഒരു അഴിമതി പാർട്ടിയാണ്. യെദ്യൂരപ്പ രാജിവെക്കുന്നതോ പുറത്ത് പോകുന്നതോ അല്ല പ്രശ്നമെന്നും ബി.ജെ.പി അധികാരത്തിൽ നിന്ന് പോകാതെ കർണാടകയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
‘കർണാടക മുഖ്യമന്ത്രിയായി ആര് സ്ഥാനമേറ്റാലും അഴിമതിക്കെതിരെയുള്ള കോൺഗ്രസിന്റെ പോരാട്ടം തുടരും. യെദ്യൂരപ്പയുടെ രാജിയെ തുടർന്ന് ഉയർന്നുവരുന്ന ലിംഗായത്ത് സമുദായത്തിന്റെ പ്രതിഷേധം നല്ലതല്ലെന്നും ജാതി, മത സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും’ അദ്ദേഹം വിശദീകരിച്ചു.
Post Your Comments