ബെംഗളൂരു: കർണാടകയിൽ ദളിത് യുവാക്കൾക്ക് നേരെ വീണ്ടും ജാതി വിവേചനം. ബല്ലാരി ജില്ലയിലെ കുരുഗോഡു താലൂക്കിലുള്ള ഗുത്തിഗനൂർ ഗ്രാമത്തിലെ ദളിത് യുവാക്കൾക്കാണ് ഹോട്ടലിൽ ഭക്ഷണം നിഷേധിച്ചത്. സംഭവത്തിൽ ഹോട്ടലുടമ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹോട്ടൽ നടത്തുന്ന നാഗവേണി, ബന്ധുവായ വീരപ്പഭദ്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ദിവസങ്ങൾക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. എന്നാൽ, യുവാക്കളും ഹോട്ടലുടമയും തമ്മിൽ നടന്ന വാക്കേറ്റത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.
ദളിതർക്ക് ഭക്ഷണം വിളമ്പില്ലെന്ന് പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ ശാരീരികമായി കയ്യേറ്റം ചെയ്തതായി കാണിച്ച് മഹേഷ് എന്ന യുവാവാണ് പോലീസിൽ പരാതി നൽകിയത്. മഹേഷിന്റെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമായിരുന്നു അറസ്റ്റ്. കുരുഗോഡു കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുൻപും സമാനമായ സംഭവം കർണാടകയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ചിക്കമംഗളൂരുവിലെ തരിഗരെ ഗൊല്ലാരഹട്ടി ഗ്രാമത്തിൽ ജോലിക്ക് എത്തിയ ദളിത് യുവാവിനെ ആക്രമണത്തിന് ഇരയാക്കുകയായിരുന്നു. യുവാവിന്റെ പ്രവേശനം കാരണം ഗ്രാമം അശുദ്ധമായെന്ന് പറഞ്ഞാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്.
Also Read: ഇന്ത്യന്‍ റിപ്പബ്ലിക് ദിനം: ചരിത്രവും പ്രാധാന്യവും
Post Your Comments