തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗക്കാരില്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവരുടെ പൂര്‍ണവിവരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി ദേശീയ പട്ടിക ജാതി കമ്മീഷന്‍. കേരള പബ്ലിക് കമ്മീഷനോട് 15 ദിവസത്തിനുള്ളില്‍ മതപരിവര്‍ത്തനം നടത്തിയവരുടെ പൂര്‍ണവിവരം നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 388 വകുപ്പ് പ്രകാരമാണ് നോട്ടീസ് അയച്ചത്. നേരത്തെ ദളിത് ക്രൈസ്തവർക്ക് സംവരണം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി ലഭിച്ചിരുന്നു.
ഇതിനെ തുടർന്ന് സുപ്രീം കോടതി കേന്ദ്രത്തിനു നോട്ടീസ് അയച്ചിരുന്നു. ഇതാണ് ഇത്തരം നടപടികൾ വേഗത്തിലാക്കാൻ കാരണമെന്നാണ് സൂചന.കേരളത്തില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ ക്രിസ്റ്റ്യന്‍ വിഭാഗമായ എസ് സി സി സി ( ഷെഡ്യൂള്‍ കാസ്റ്റ് കണ്‍വേര്‍ട്ട്‌സ് റ്റു ക്രിസ്റ്റ്യാനിറ്റി )ലേക്ക് മതപരിവര്‍ത്തനം നടത്തുന്നത് വര്‍ദ്ധിച്ചു വരുന്നതായി ദേശീയ പട്ടികജാതി കമ്മീഷന് പരാതി ലഭിച്ചിരുന്നു.. എന്നാല്‍ മതപരിവര്‍ത്തനം നടത്തിയിട്ടും ഇവർ പട്ടിക വിഭാഗക്കാരുടെ ആനുകൂല്യം കൈപ്പറ്റുന്നതായി വ്യാപക പരാതി ഉയരുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് മതപരിവര്‍ത്തനം നടത്തിയവരുടെ പട്ടിക നല്‍കാന്‍ കേരള പബ്ലിക് കമ്മീഷന് നിര്‍ദേശം നല്‍കിയത്.പട്ടിക ജാതി വിഭാഗക്കാര്‍ക്ക് ലഭിക്കുന്ന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍, പിഎസ്‌സി പരീക്ഷകളിലെ സംവരണം,സ്ഥാനക്കയറ്റത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ ഇവര്‍ തട്ടിയെടുക്കുന്നതായി പരാതി ലഭിച്ചിരുന്നു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 338 പ്രകാരം സമന്‍സ് അയക്കുമെന്ന് നോട്ടീസില്‍ ദേശീയ പട്ടിക ജാതി കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.
Post Your Comments