ടെഹ്റാന്‍: 176 യാത്രികരുമായി പറന്ന യുക്രൈന്‍ വിമാനം അബദ്ധത്തില്‍ മിസ്സൈലേറ്റ് തകര്‍ന്ന സംഭവത്തില്‍ ഉത്തരവാദികളായ സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി. വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതിക്ക് രൂപം നൽകുമെന്ന ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സൈനികരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
സംഭവത്തില്‍ പങ്കാളികളായ 30 ഓളം സൈനികരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍ നിയമ വാക്താവ് ഘോലാഹുസ്സൈന്‍ ഇസ്മയിലി അറിയിച്ചു. കൃത്യമായ അന്വേഷണം വേണമെന്ന് അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം വന്നതോടെയാണ് ഇറാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.
വിമാനം വെടിവെച്ചിട്ടതാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയടക്കമുള്ള നേതാക്കള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വിമാനത്തിലെ 167 യാത്രക്കാരില്‍ 82 ഇറാന്‍ സ്വദേശികളും 57 കാനഡക്കാരും 11 യുക്രൈന്‍ സ്വദേശികളുമാണ് ഉണ്ടായിരുന്നത്. യുഎസ് സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇറാൻ പ്രതികാരം ചെയ്ത് മണിക്കൂറുകൾക്കകമാണ് ടെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയുര്‍ന്ന യുക്രൈന്‍ വിമാനം തകര്‍ന്ന് വീണത്.
സാങ്കേതിക തകരാര്‍മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ഇറാന്‍ ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ അപകടത്തില്‍ സംശയം പ്രകടിപ്പിച്ച് വിദേശ രഹസ്യാന്വേഷണ ഏജൻസിക രംഗത്തെത്തിയതോടെയാണ് ഇറാൻ കുറ്റസമ്മതം നടത്തിയത്.
Post Your Comments