Latest NewsFootballNewsSports

വാല്‍വെര്‍ദെയെ ബാഴ്‌സ പുറത്താക്കി ; ഇനി സെറ്റിയെനു കീഴില്‍

ബാഴ്‌സലോണ പരിശീലകന്‍ ഏണസ്‌റ്റോ വാല്‍വെര്‍ദെയെ പുറത്താക്കി. സൂപ്പര്‍ കപ്പ് സെമിയില്‍ അത്‌ലറ്റിക്കൊ മാഡ്രിനോട് പരാജയപെട്ടതിന് പിന്നാലെ അദ്ദേഹം പുറത്തായേക്കും എന്ന് സൂചനകള്‍ വന്നിരുന്നു.എന്നാല്‍ ഇപ്പോള്‍ ആ സൂചനകള്‍ക്ക്് ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിരിക്കുകയാണ്. റിയല്‍ ബെറ്റിസ് മുന്‍ പരിശീലകന്‍ ക്യുകെ സെറ്റിയെന്‍ ആയിരിക്കും ബാഴ്‌സയുടെ പുതിയ പരിശീലകന്‍. 2022 വരെയാണ് സെറ്റിയെനുമായി ബാഴ്‌സ കരാര്‍ ഒപ്പുവെച്ചിരിക്കുന്നത്.

2017 മെയ്‌ലാണ് ലൂയിസ് എന്റികെയുടെ പകരക്കാരനായി വാല്‍വെര്‍ദെ ബാഴ്‌സയില്‍ എത്തുന്നത്. പിന്നീട് 2 ലീഗ് കിരീടങ്ങളും, ഒരു കോപ്പ ഡെല്‍ റെയും, ഒരു സൂപ്പര്‍ കോപ്പ കിരീടവും നേടാന്‍ അദ്ദേഹത്തിന് കീഴില്‍ ബാഴ്‌സയ്ക്ക് സാധിച്ചു. പക്ഷെ ചാമ്പ്യന്‍സ് ലീഗില്‍ ടീം നടത്തിയ മോശം പ്രകടനങ്ങളാണ് ആരാധകരെയും ടീം മാനേജ്‌മെന്റിനേയും  അദ്ദേഹത്തില്‍ നിന്ന് തീര്‍ത്തും അകറ്റിയത്. ഇതില്‍ തന്നെ ഒരു തവണ റോമയുമായും ഒരു തവണ ലിവര്‍പൂളുമായും സെമി ഫൈനലില്‍ രണ്ടാം പാദത്തില്‍ നാണം കെട്ടാണ് ബാഴ്‌സ പുറത്തായത്.

ചൊവ്വാഴ്ച സെറ്റിയനെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും എന്ന് ബാഴ്‌സലോണ അറിയിച്ചിട്ടുണ്ട്. ബാഴ്‌സലോണയുടെ ശൈലി തന്നെയാണ് സെറ്റിയെന്റെ പരിശീലന രീതി. ഇതാണ് ബാഴ്‌സ സെറ്റിയെനില്‍ എത്താന്‍ കാരണം. സ്‌പെയിന്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള താരം കൂടിയാണ് സെറ്റിയെന്‍. വെല്‍വെര്‍ദേയ്ക്ക് പകരം ക്ലബിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസ് പരിശീലകനാവുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന്റെ സൂചനകള്‍ നല്‍കിക്കൊണ്ട് സാവിയുമായി കൂടികാഴ്ച നടത്തിയത് സാവിയും സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ ടോട്ടനത്തിന്റെ മുന്‍ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റിനോയുടെ പേരും ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ ഇവരെയെല്ലാം മറികടന്നാണ് സെറ്റിയെന്‍ പരിശീലക സ്ഥാനത്തേക്ക് എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button