ന്യൂഡല്‍ഹി: ജെഎന്‍യു കാമ്പസില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥി യൂണിയന്‍ പ്രസിഡന്റുമായ ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. യൂണിവേഴ്‌സിറ്റി കാമ്പസില്‍ നേരിട്ടെത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കാമ്പസിലെ യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഐഷിക്ക് പുറമേ ആദ്യഘട്ട പ്രതിപ്പട്ടികയിലുള്ള രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. മറ്റുള്ള ആറ് പേരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യും.
ജെഎന്‍യു ആക്രമണത്തില്‍ ഐഷി ഘോഷ് ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കെതിരേ നേരത്തെ പോലീസ് കേസെടുത്തിരുന്നു.45 മിനിറ്റോളം നേരം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ജനുവരി 3, 4, 5 ദിവസങ്ങളില്‍ നടന്ന അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ഐഷി ഘോഷിനെ കാണിച്ചായിരുന്നു ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍.പോലീസിന്റെ ആദ്യ പ്രതി പട്ടികയിലുള്ള ഒമ്പത് പേരില്‍ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ള അഞ്ച് പേര്‍ ഇടത് സംഘടനാ പ്രവര്‍ത്തകരായിരുന്നു.
രണ്ട് പേര്‍ എബിവിപി പ്രവര്‍ത്തകരും മറ്റ് രണ്ട് പേര്‍ കാമ്പസിന് പുറത്തുനിന്നുള്ളവരുമായിരുന്നു. അതേസമയം അന്വേഷവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ഐഷി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനം ദിവസങ്ങളായി ക്രൈംബ്രാഞ്ച് സംഘം കാമ്പസിലുണ്ട്.പതിമൂന്ന് സെക്യൂരിറ്റി ജീവനക്കാരുടെയും ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെയും അധ്യാപകരുടെയും മൊഴികഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
അതേസമയം വിദ്യാര്‍ഥികളെ അക്രമിച്ച മുഖംമൂടി സംഘത്തിലെ പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് തിങ്കളാഴ്ച അറിയിച്ചു. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണിത്. ഇവരുള്‍പ്പെടെ പ്രതികളെന്ന് സംശയിക്കുന്ന 49 പേര്‍ക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതിന് പുറമേ വാട്‌സാപ്പ് ഗ്രൂപ്പുകളിലുടെ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച 37 പേര്‍ക്കും നേരത്തെ പോലീസ് നോട്ടീസ് അയച്ചിരുന്നു.
Post Your Comments