ന്യൂഡൽഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അർധരാത്രിയിലും ബിജെപിയുടെ മാരത്തൺ ചർച്ച നടന്നതായി സൂചന. ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായുടെ വസതിയിലാണ് ബിജെപി നേതാക്കൾ ഏഴ് മണിക്കൂർ യോഗം ചേർന്നത്. ഞായറാഴ്ച രാത്രി എട്ട് മണിക്ക് ആരംഭിച്ച യോഗം തിങ്കളാഴ്ച പുലർച്ചെ 3 മണിയ്ക്കാണ് അവസാനിച്ചത്.
അമിത് ഷായ്ക്ക് പുറമെ ജെപി നദ്ദ, ബിജെപിയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രകാശ് ജാവദേകർ എന്നിവരും യോഗത്തിലുണ്ടായിരുന്നു. 45 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ ചർച്ചയാണ് യോഗത്തിൽ നടന്നതെന്നും അതുകൊണ്ടാണ് രാത്രിവൈകിയും യോഗം ചേരേണ്ടി വന്നതെന്നും ബിജെപി വൃത്തങ്ങൾ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെക്കുറിച്ചുള്ള വിശദമായ ചർച്ച യോഗത്തിൽ നടന്ന് കഴിഞ്ഞതായാണ് റിപ്പോർട്ട്. ഡൽഹി ബിജെപി സംസ്ഥാന ഘടകം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക, പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പ്രതികരണം കേന്ദ്രത്തിന്‍റെ സർവേ തുടങ്ങിവയെല്ലാം കേന്ദ്ര നേതാക്കൾ ഉൾപ്പെട്ട യോഗം ചർച്ച ചെയ്തതായാണ് സൂചന. ഇത്തവണ പുതുമുഖങ്ങൾക്ക് ബിജെപി കൂടുതൽ അവസരം നൽകിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
പുലർച്ചെ അവസാനിച്ച യോഗം ഇന്ന് തന്നെ വീണ്ടും ചേരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ നിർണ്ണയിക്കാനാണ് ഇത്. യോഗത്തിനുശേഷമാകും പാർട്ടിയുടെ ദേശീയ നേതൃത്വത്തിന് പട്ടിക കൈമാറുക.
Post Your Comments