മസ്‌ക്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു. ക്യാൻസർ രോഗബാധിതനായിരുന്നു. ബെൽജിയത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസമാണ് ഒമാനിൽ തിരിച്ചെത്തിയത്. 80 വയസ്സായിരുന്നു.ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23-നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്. സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും സവിശേഷബന്ധം പുലർത്തിപ്പോന്നു.
Read also: തമിഴ് അഭയാര്‍ത്ഥികള്‍ മടങ്ങും; അവരുടെ പുനരധിവാസം ഉറപ്പാക്കുമെന്ന് ശ്രീലങ്കയുടെ ഉറപ്പ്
ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിട്ടറി അക്കാദമിയിൽനിന്ന് ആധുനികയുദ്ധതന്ത്രങ്ങളിൽ അദ്ദേഹം നൈപുണ്യംനേടിയിട്ടുണ്ട്. തുടർന്ന് പശ്ചിമജർമനിയിലെ ഇൻഫൻട്രി ബറ്റാലിയനിൽ ഒരുവർഷം സേവനം. എന്നാല്‍ ആര്‍മിയിലെ ജീവിതം അധികകാലം കൊണ്ടുപോയില്ല. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. 1970 ജുലായ് 23ന് സുല്‍ത്താന്‍ ഖാബൂസ് ഒമാന്‍ ഭരണം ഏറ്റെടുത്തു. ഖാബൂസിന്റെ ജന്മദിനമായ നവംബര്‍ 18 ആണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായി ആഹ്ലാദപൂര്‍വ്വം കൊണ്ടാടിയിരുന്നത്. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേരുമാറ്റി സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി സ്വന്തം രാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.
Post Your Comments