ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ നിര്‍ഭയക്കേസില്‍ ഡല്‍ഹി കോടതി മരണവാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ തിരുത്തല്‍ ഹര്‍ജിയുമായി പ്രതി സുപ്രീം കോടതിയില്‍. വധശിക്ഷ കാത്തുകഴിയുന്ന നാലു പ്രതികളില്‍ ഒരാളായ വിനയ് ശര്‍മയാണ് ഇന്നലെ സുപ്രീം കോടതിയെ സമീപിച്ചത്.കഴിഞ്ഞ ദിവസമാണു വിനയ് ശര്‍മ ഉള്‍പ്പെടെയുള്ള നാലുപ്രതികള്‍ക്കു ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ വധശിക്ഷയ്‌ക്കെതിരേ തിരുത്തല്‍ ഹര്‍ജി നല്‍കുമെന്നു രണ്ടു പ്രതികള്‍ അറിയിച്ചതായി അമിക്കസ്‌ക്യൂറി അന്നു കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു.
എന്നാല്‍ തിരുത്തല്‍ ഹര്‍ജി നല്‍കുന്നതു മരണവാറന്റ് പുറെപ്പടുവിക്കുന്നതിനു തടസമല്ലെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കോടതി വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.ഈ മാസം 22-നു രാവിലെ തിഹാര്‍ ജയിലില്‍ പ്രതികളെ തൂക്കിലേറ്റണമെന്നാണു കോടതി നിര്‍ദേശം.2012 ഡിസംബറിലാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ 23-വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. ക്രൂരമായ പീഡനത്തെത്തുടര്‍ന്നുണ്ടായ ഗുരുതരമായ പരുക്കുകളെത്തുടര്‍ന്ന് പെണ്‍കുട്ടി പിന്നീടു മരിച്ചു.
കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്.ഇതില്‍ മുഖ്യപ്രതിയായിരുന്ന രാംസിങ് വിചാരണയ്‌ക്കിടെ തിഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്‌തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിക്കു ജുവനൈല്‍ നിയപ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കിയിരുന്നു. അയാള്‍ 2015-ല്‍ ജയില്‍ മോചിതനായി. ശേഷിച്ച നാലു പ്രതികള്‍ക്കാണ് ഇപ്പോള്‍ മരണവാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
Post Your Comments