KeralaLatest NewsNews

‘കേരളത്തിൽ സ്ത്രീ സുരക്ഷ അപകടകരമായ നിലയിൽ, ഡ്രൈഡേ പോലും എടുത്തുകളഞ്ഞു യുവാക്കളെ ലഹരിയിലാഴ്ത്തുന്ന മദ്യനയം സർക്കാർ തിരുത്തണം’ രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീ സുരക്ഷ അപകടകരമായ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡ്രൈഡേ പോലും എടുത്തുകളഞ്ഞു യുവാക്കളെ ലഹരിയിലാഴ്ത്തുന്ന സർക്കാർ മദ്യനയവും തിരുത്തണം. ഗ്യാസ് ലൈറ്റർ ആയി മാറാൻ യുവാക്കളേയും ഇരകളാകാൻ പെൺകുട്ടികളേയും അനുവദിച്ചുകൂടാ. സ്ത്രീ സുരക്ഷ വളരെ ഏറെ അപകടകരമായ അവസ്ഥയിലാണ്. ഇനി ഒരു പെൺകുട്ടിയും കേരളത്തിൽ ആക്രമിക്കപ്പെടരുത്. സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

പോസ്റ്റിന്‍റെ പൂർണരൂപം

പെൺകുട്ടികളെ തീവച്ചും കുത്തിയും കൊലപ്പെടുത്തിയെന്ന വാർത്തകൾ രക്ഷിതാക്കളുടെ മനസിൽ തീകോരിയിടുകയാണ്. തിരുവനന്തപുരത്ത് കാരക്കോണത്ത് 21 കാരിയായ അഷിതയെ കഴുത്തറുത്ത് കൊല്ലുകയും കാക്കനാട് 17കാരിയെ കുത്തിപരുക്കേൽപ്പിക്കുകയും ചെയ്ത സംഭവങ്ങൾ കേരളമനഃസാക്ഷിയെ ആഴത്തിലാണ് പരുക്കേൽപ്പിച്ചിരിക്കുന്നത്. പ്രണയം നിരസിച്ചാൽ പെൺകുട്ടിയെ കൊലപ്പെടുത്തണമെന്ന അപകടകരമായ ചിന്ത ചെറുപ്പക്കാരിൽ ഉണ്ടാകുന്നത് ഗൗരവത്തോടെ നാം കാണണം. പെൺകുട്ടികൾക്ക് സുരക്ഷിതമായി വീടുകളിൽ പോലും കഴിയാനാവുന്നില്ല.

ആൺകുട്ടികളെ വളർത്തുന്നത് പോലെ,അല്ലെങ്കിൽ അതിനേക്കാളേറെ ക്ലേശിച്ചാണ് പെൺമക്കളെയും വളർത്തുന്നത്.പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമം ഇപ്പോൾ ഒരു സാമൂഹ്യപ്രശ്നമായി കഴിഞ്ഞു. പ്രേമാഭ്യർത്ഥന പെൺകുട്ടി നിരസിക്കുന്നതാണ് മിക്കവാറും ആക്രമണങ്ങൾക്ക് കാരണം.

പെൺകുട്ടി നോ എന്ന് പറഞ്ഞാൽ നോ എന്ന് തന്നെ ആണ് അർത്ഥം എന്ന് ആൺകുട്ടികൾ മനസിലാക്കണം. സമൂഹത്തിൽ ജീവിക്കുമ്പോൾ പെൺകുട്ടികളോട് സ്നേഹത്തോടും സൗഹാർദ്ദത്തോടും ഇടപെടുന്നതിന് ആൺകുട്ടികളെ വീടുകളിൽ തന്നെ പരിശീലിപ്പിക്കണം. ആൺകുട്ടികളിൽ വളരുന്ന അപകടകരമായ പ്രവണതകൾ നുള്ളിക്കളയാൻ സ്‌കൂളുകളിലും കലാലയങ്ങളിലും സംഘടിപ്പിക്കുന്ന കൗൺസിലിംഗ് കേന്ദ്രങ്ങൾക്ക് കഴിയണം.

ഡ്രൈഡേ പോലും എടുത്തുകളഞ്ഞു യുവാക്കളെ ലഹരിയിലാഴ്ത്തുന്ന സർക്കാർ മദ്യനയവും തിരുത്തണം. ഗ്യാസ് ലൈറ്റർ ആയി മാറാൻ യുവാക്കളേയും ഇരകളാകാൻ പെൺകുട്ടികളേയും അനുവദിച്ചുകൂടാ. സ്ത്രീ സുരക്ഷ വളരെ ഏറെ അപകടകരമായ അവസ്ഥയിലാണ്. ഇനി ഒരു പെൺകുട്ടിയും കേരളത്തിൽ ആക്രമിക്കപ്പെടരുത്. സർക്കാർ ശക്തമായ നടപടി എടുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button