പൂനെ: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ട്വന്‍റി ട്വന്‍റി മത്സരത്തിൽ ഇന്ത്യയ്ക്ക് 78 റൺസ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത് 201 റൺസ്. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നേരിട്ടത് കനത്ത ബാറ്റിംഗ് തകർച്ച. നേരത്തെ ഇന്ത്യയ്ക്ക് വേണ്ടി കെഎൽ രാഹുൽ 36 പന്തിൽ 54 റൺസും, ശിഖർ ധവാൻ 36 പന്തിൽ 52 റൺസുമെടുത്തു. 15.6 ഓവറിൽ ശ്രീലങ്കയുടെ എല്ലാവരും പുറത്താകുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കി.
ധനഞ്ജയ ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. 36 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 57 റൺസാണ് ധനഞ്ജയയുടെ സമ്പാദ്യം. ധനഞ്ജയയ്ക്കു പുറമെ ലങ്കൻ നിരയിൽ രണ്ടക്കം കടന്നത് ഒരാൾ മാത്രം. 20 പന്തിൽ ഒരു ഫോറും മൂന്നു സിക്സും സഹിതം 31 റൺസെടുത്ത ഏഞ്ചലോ മാത്യൂസ്. അഞ്ചാം വിക്കറ്റിൽ വെറും 37 പന്തിൽനിന്ന് മാത്യൂസ് – ധനഞ്ജയ സഖ്യം അടിച്ചുകൂട്ടിയ 68 റൺസാണ് ശ്രീലങ്കയ്ക്ക് ആശ്വാസം നൽകിയത്.
ഇന്ത്യയ്ക്കായി നവ്ദീപ് സെയ്നി 3.5 ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാർദുൽ താക്കൂർ, വാഷിങ്ടൻ സുന്ദർ എന്നിവർ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി. രണ്ടു ലങ്കൻ താരങ്ങൾ റണ്ണൗട്ടായി.
Post Your Comments