ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി പാര്‍ലമെന്റില്‍ വോട്ട് ചെയ്ത് രാജ്യ സഭാ എം പിയെ സസ്‌പെന്‍ഡ് ചെയ്തു. രാജ്യ സഭാംഗം കെ ജി കെന്യേയെയാണ് നാഗാലാന്‍ഡിലെ പ്രതിപക്ഷ പാര്‍ട്ടിയായ എന്‍പിഎഫ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നാഗ എംപിമാര്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ടുചെയ്തതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് കെ ജി കെനിയെ പാര്‍ട്ടിയുടെ പ്രാഥമികവും സജീവവുമായ അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനില്‍ ആണെങ്കിലും പാര്‍ട്ടി വിപ്പ് അനുസരിക്കാന്‍ കെ ജി കെന്യേയ്ക്ക് സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് ബാധ്യതയുണ്ടെന്നും നാഗാ പീപ്പിള്‍സ് ഫ്രന്റ് വിശദമാക്കി.
പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്തതിന് പിന്നാലെ കെന്യേയോട് കാരണം കാണിക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കെനിയെ നല്‍കിയ വിശദീകരണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന് ‘ബോധ്യപ്പെട്ടിട്ടില്ല’ എന്ന് പ്രസ്താവിച്ചു. ബുധനാഴ്ചയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. നിയമം നാഗാലാന്റിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഐഎല്‍പി സംവിധാനം ഏര്‍പ്പെടുത്തിയെന്നായിരുന്നു കെന്യേ ന്യായീകരിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി വോട്ടുചെയ്യുന്നതിന് നിങ്ങള്‍ക്ക് നിങ്ങളുടേതായ വ്യക്തിപരമായ കാരണങ്ങളുണ്ടാകാം, എന്നിരുന്നാലും, പാര്‍ട്ടി നിലപാടിനെ സംബന്ധിച്ചിടത്തോളം, ഇന്നുവരെ ഒരു മാറ്റവുമില്ലെന്നാണ് നേതൃത്വം വ്യക്തമാക്കിയത്. സിഎഎയെക്കുറിച്ച് സ്വന്തം വ്യാഖ്യാനം കൊണ്ടുവന്ന് പാര്‍ട്ടിയെ അതിന്റെ കൂട്ടായ നിലപാടായി അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുകൊണ്ട് പാര്‍ട്ടിയുടെ നിബന്ധനകള്‍ ആജ്ഞാപിക്കാനുള്ള ശ്രമം കൂടിയാണെന്നും എന്‍പിഎഫ് മേധാവി വ്യക്തമാക്കി. കഴിഞ്ഞ മാസം എന്‍പിഎഫിന്റെ സെക്രട്ടറി ജനറല്‍ എന്ന പദവി കെന്യേ രാജി വച്ചിരുന്നെങ്കിലും പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചിരുന്നില്ല.
Post Your Comments