കൊച്ചി: ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലപാടില്‍ മാറ്റമില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അതേസമയം, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഇക്കാര്യത്തില്‍ സ്വതന്ത്ര നിലപാട് എടുക്കാമെന്നും മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് സ്വതന്ത്രമായ അധികാര സ്ഥാപനമാണ്. അവര്‍ക്കു സ്വതന്ത്രമായി നിലപാട് സ്വീകരിക്കാം. അതില്‍ സര്‍ക്കാര്‍ കൈ കടത്തില്ല. എന്നാല്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് കടകംപള്ളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
ശബരിമലയില്‍ യുവതീ പ്രവേശനം വേണ്ടെന്ന പഴയ നിലപാടിലേക്ക് ദേവസ്വം ബോര്‍ഡ് എത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കടകംപള്ളിയുടെ പ്രതികരണം. യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് ബോര്‍ഡിന്റെ അടുത്ത യോഗം തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതീ പ്രവേശനം വേണ്ടെന്നാണ് സുപ്രീം കോടതിയില്‍ നേരത്തെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നത്. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിലപാടു മാറ്റുകയായിരുന്നു.
ശബരിമല പുനഃപരിശോധന ഹര്‍ജികളിലെ നിയമപ്രശ്നം തീര്‍പ്പാക്കാന്‍ സുപ്രീംകോടതി ഒന്‍പത് അംഗ വിശാല ബെഞ്ച് രൂപീകരിച്ചതോടെയാണ് ദേവസ്വം ബോര്‍ഡും ആലോചനകളിലേക്ക് നീങ്ങുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വിയോടെ നിലപാട് തിരുത്തിയ സിപിഎമ്മും സര്‍ക്കാരും കരുതലോടെയാണ് പിന്നീട് നീങ്ങിയത്. വിശാലബെഞ്ചിന് കേസ് വിട്ടതോടെ അത് തത്വത്തില്‍ സ്റ്റേ ആണെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു.
വിശ്വാസികള്‍ക്ക് വിരുദ്ധമായ നിലപാട് എടുക്കേണ്ടെന്നാണ് സിപിഎമ്മിലെ ധാരണ. അതിനാല്‍ ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തുമെന്നാണ് ലഭിക്കുന്ന സൂചന.
Post Your Comments