ന്യൂഡല്‍ഹി: എണ്ണത്തില്‍ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകരെന്ന് ബിജെപി നേതാവ് ഉമാ ഭാരതി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ ഞായറാഴ്ച രാത്രി മുഖം മറച്ചെത്തിയ സംഘം വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചാണ് ഉമാഭാരതിയുടെ പരാമര്‍ശം. എണ്ണത്തില്‍ കുറവാണെങ്കിലും കൊടിയ വിഷമുള്ള പാമ്പുകളെപ്പോലെയാണ് രാജ്യത്തെ ചില ചിന്തകര്‍. അവര്‍ പരിസ്ഥിതിയില്‍ വിഷം പടര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില കാര്യങ്ങള്‍ ശരിയാക്കിയെടുക്കേണ്ടതാവശ്യമാണ്, ശരിയാക്കുക തന്നെ ചെയ്യുമെന്നും ഉമാഭാരതി പറഞ്ഞു.
ജനുവരി 5നാണ് ജെഎന്‍യുവില്‍ മുഖം മറച്ചെത്തിയ ഒരു കൂട്ടം അക്രമകാരികള്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അതിക്രൂരമായി ആക്രമിച്ചത്. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം.വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ പുറത്തുനിന്നെത്തിയ സംഘം വളഞ്ഞിട്ട് ആക്രമിച്ചു.കൂടാതെ സംഭവത്തില്‍ മുപ്പതിലധികം പേര്‍ക്കും പരിക്കേറ്റിരുന്നു.ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹിന്ദു രക്ഷാദള്‍ രംഗത്തെത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Post Your Comments