കൊച്ചി: വിഷചികിത്സയില്‍ നിർണായക വഴിത്തിരിവ് ആയേക്കാവുന്ന കണ്ടു പിടുത്തവുമായി ശാസ്ത്രലോകം. വിഷചികിത്സയില്‍ പുതിയ ആന്റിവെനങ്ങള്‍ക്കു വഴിതുറന്ന് മൂര്‍ഖന്‍ പാമ്പിന്റെ വിഷത്തിന്റെ ജനിതകഘടനാ ചിത്രം പൂര്‍ത്തിയായി. അഗ്രി ജീനോം ലാബ്സ് ഇന്ത്യ, സൈജിനോം റിസര്‍ച്ച് ഫൗണ്ടേഷന്‍ (എസ്ജിആര്‍എഫ്) ശാസ്ത്രജ്ഞരാണു സുപ്രധാന നേട്ടം കൈവരിച്ചത്. മെഡിക്കല്‍ ജിനോമിക്സിലെ ലോകത്തെ ഉജ്വലമായ നേട്ടങ്ങളിലൊന്നാണിത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നേച്ചര്‍ ജനിറ്റിക്സിന്റെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാമ്പുകടിക്ക് മരുന്നായി ജനിതക സാങ്കേതികവിദ്യകളുടെ സഹായത്തോടെ സിന്തറ്റിക് ആന്റി ബോഡികള്‍ വികസിപ്പിക്കാനുള്ള വഴിയാണു ജനിതകഘടനാ ചിത്രം പൂര്‍ത്തിയാക്കിയതിലൂടെ തുറന്നുകിട്ടിയത്.
പ്രമുഖ ശാസ്ത്രജ്ഞര്‍ വിഷഗ്രന്ഥികളില്‍ പ്രതിഫലിക്കുന്ന 19 വിഷാംശ ജീനുകളെ തിരിച്ചറിഞ്ഞ് വേര്‍തിരിച്ചു. ഇതുവഴി പാമ്പിന്റെ വിഷവസ്തുക്കളും അവയെ എന്‍കോഡ് ചെയ്യുന്ന ജീനുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കപ്പെട്ടു.
ALSO READ: അണലി കടിച്ച് അഞ്ച് ദിവസത്തിനകം ജീവിതത്തിലേക്ക് മടങ്ങിയെത്തി വിദ്യാര്‍ത്ഥി
സിന്തറ്റിക് ഹ്യൂമന്‍ ആന്റി ബോഡികള്‍ ഉപയോഗിച്ച് 19 നിര്‍ദിഷ്ട വിഷവസ്തുക്കളെ ടാര്‍ഗറ്റ് ചെയ്യുന്നത് വഴി സുരക്ഷിതവും ഫലപ്രദവുമായ ആന്റിവെനങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നു ജനിതക പഠനത്തിനു നേതൃത്വം നല്‍കിയ എസ്ജിആര്‍എഫ് പ്രസിഡന്റ് ഡോ. ശേഖര്‍ ശേഷഗിരി പറഞ്ഞു.
ഇന്ത്യന്‍ കോബ്ര പഠനത്തില്‍ ഉപയോഗിച്ച ജീന്‍ വ്യാഖ്യാനം കൊച്ചിയിലെ അഗ്രിജീനോം ടീമാണ് ചെയ്തത്.ആന്റിവെനം വികസിപ്പിച്ചെടുക്കുന്ന രീതിയെ പൂര്‍ണമായും മാറ്റുന്നതാണു പുതിയ ശാസ്ത്ര നേട്ടമെന്ന് അഗ്രിജീനോം ലാബ്സ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഡോ. ജോര്‍ജ് തോമസ് പറഞ്ഞു.
Post Your Comments