ദുബായ്: യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന് അമേരിക്കയോടും ഇറാനോടും ഗൾഫ് രാജ്യങ്ങൾ. വിവേകപൂർണമായ രാഷ്ട്രീയ പരിഹാരത്തിന് ഇരുകൂട്ടരും ശ്രമിക്കണമെന്നാണ് യുഎഇ വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാഷ് അഭിപ്രായപ്പെട്ടത്.
യുദ്ധം ഒഴിവാക്കണമെന്നു കുവൈത്തും ഖത്തറും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, യുഎഇ ഉപ സർവസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും പോംപെയോ സംസാരിച്ചു.
സൗദി ഭരണാധികാരികൾ ഇറാഖ് പ്രസിഡന്റുമായും പ്രധാനമന്ത്രിയുമായും നിലവിലെ സാഹചര്യങ്ങൾ ഫോണിൽ ചർച്ച ചെയ്തു. ഇറാഖിന്റെയും മേഖലയുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കാൻ സൗദി പ്രതിജ്ഞാബദ്ധമാണെന്നു സൽമാൻ രാജാവ് പറഞ്ഞതായി വാർത്താ ഏജൻസി വ്യക്തമാക്കി.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇറാഖ് പ്രധാനമന്ത്രി അദിൽ അബ്ദുൽ മഹ്ദിയുമായും സാഹചര്യം ചർച്ച ചെയ്തു. സമാധാനം നിലനിർത്താൻ സൗദി നടത്തുന്ന ശ്രമങ്ങൾക്ക് ഇറാഖ് നന്ദി പറഞ്ഞു. 2 ദിവസത്തിനുള്ളിൽ സൗദി ഡപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് രാജകുമാരൻ യുഎസും ബ്രിട്ടനും സന്ദർശിക്കുന്നുണ്ട്. അതിനിടെ, ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽ താനി ടെഹ്റാനിലെത്തി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി, വിദേശകാര്യമന്ത്രി ജവാദ് ശരീഫ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Post Your Comments