ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് കുറ്റവാളികളെയും തൂക്കിലേറ്റുന്നതിന് മുമ്പ് ഡമ്മി പരീക്ഷണം നടത്തുമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. ജനുവരി 22 ന് രാവിലെ ഏഴ് മണിക്കാണ് ഇവരെ തൂക്കിലെറ്റുന്നതെന്ന് വിധിപ്രസ്താവനയില്‍ വ്യക്തമാക്കുന്നു. വളരെ വിശാലമായ രീതിയിലാണ് തൂക്കുമരത്തട്ട് തയ്യാറാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
തൂക്കിലേറ്റപ്പെടുന്നവരുടെ അതേ തൂക്കത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഡമ്മി കഴുമരത്തില്‍ തൂക്കിയാണ് ഡമ്മി എക്‌സിക്യൂഷന്‍ നടത്തുന്നത്. വധശിക്ഷ നടപ്പാക്കുന്ന അതേയിടത്ത് വച്ചായിരിക്കും പരീക്ഷണവും നടത്തുക. വരുംദിവസങ്ങളില്‍ ഈ പരീക്ഷണം നടത്തുമെന്ന് തീഹാര്‍ ജയില്‍ അധികൃതര്‍ ദേശീയ മാധ്യമമായ എഎന്‍ഐയോട് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സമയത്ത് പൊതുമരാമത്ത് വകുപ്പ്, ജയില്‍ സൂപ്രണ്ട്, മറ്റ് ഔദ്യോഗിക വ്യക്തികള്‍ എന്നിവരുടെ സാന്നിദ്ധ്യവുമുണ്ടാകും. ജയില്‍ സെല്‍ 3 യിലാണ് വധശിക്ഷ നടപ്പാക്കുന്നത്.
2012 ഡിസംബര്‍ 16 നാണ് പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ ആറ് പേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗത്തിനും ശാരീരിക പീഡനങ്ങള്‍ക്കും ഇരയാക്കിയത്. കൃത്യത്തിന് ശേഷം ഇവര്‍ പെണ്‍കുട്ടിയെ റോഡിലുപേക്ഷിച്ചു. രാജ്യത്തുടനീളം ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍, ഡിസംബര്‍ 26 ന് പെണ്‍കുട്ടി മരിച്ചു. കൃത്യം നടന്ന് ഏഴു വര്‍ഷത്തിനു ശേഷമാണ് വിധി നടപ്പാക്കുന്നത്. കുറ്റവാളികളായ പവന്‍ ഗുപ്ത, അക്ഷയ്, വിനയ് ശര്‍മ്മ, മുകേഷ് എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു . കഴിഞ്ഞ വര്‍ഷം മെയിലാണ് നിര്‍ഭയ കേസിലെ നാലു പ്രതികളുടേയും വധശിക്ഷ സുപ്രീം കോടതി ശരിവച്ചത്. അതേ സമയം ദയാഹര്‍ജിയും, തിരുത്തല്‍ ഹര്‍ജിയും നല്‍കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.
Post Your Comments